'മൂപ്പരെത്തി, കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല' - കെ.ടി ജലീല്‍

മലപ്പുറം: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ പികെ കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസില്‍ ഹാജരായതിനു പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെടി ജലീല്‍. 'കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി' എന്നാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല?
ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി ???? കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യേണ്ട. വഴിയില്‍ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓര്‍മ്മിപ്പിച്ചതാ.
സാമ്പത്തിക ക്രമക്കേട് കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം എത്തിയിരുന്നില്ല. ഇന്ന് ഹാജരാവില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് നേരത്തേയും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
ഇങ്ങനെ പോയാല്‍ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നായിരുന്നു ജലീലിന്റെ പരിഹാസം. കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ.ഡി വരുമ്പോള്‍ സമുദായത്തിന്റെ നേരെയുള്ള വെടിയുതിര്‍ക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതിയെന്നായിരുന്നു ജലീല്‍ കുറിച്ചത്.
മുസ്ലിം ലീഗ് മുഖപത്രത്തെ മറയാക്കി നടന്ന കള്ളപ്പണ ഇടപാട് ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ തെളിവുകള്‍ കൈമാറിയതായി നേരത്തെ ജലീല്‍ പറഞ്ഞിരുന്നു. ചന്ദ്രികയുടെ മറവില്‍ കോഴിക്കോട് നഗരത്തില്‍ കണ്ടല്‍ക്കാടും തണ്ണീര്‍ത്തടവും അടങ്ങുന്ന ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയെന്നും ഇതില്‍ കണ്ടല്‍ക്കാട് അടങ്ങുന്ന ഭൂമി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ഭൂമിയിലെ നിര്‍മാണം നടത്താവുന്ന ഭൂമി മറ്റ് ചിലരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന ഭരണം ലഭിച്ചാല്‍ അധികാരമുപയോഗിച്ച് ഇവിടെ നിര്‍മാണം നടത്താനായിരുന്നു പദ്ധതിയെന്നും കെ ടി ജലീല്‍ ആരോപിച്ചിരുന്നു.
Content Highlights: KT Jaleel Facebook Post PK Kunhalikkutty Chandrika money laundering case
Content Highlights: