'തമ്പീ വിടമാട്ടേ', ഫിറോസിനെതിരേ വീണ്ടും ജലീൽ; ബ്ലൂ ഫിന്‍ പ്രോജക്ട് ഓഫീസിൽ വരുമെന്നും മുന്നറിയിപ്പ്

കെ.ടി. ജലീൽ, പി.കെ. ഫിറോസ് | Photo: Mathrubhumi
കെ.ടി. ജലീൽ, പി.കെ. ഫിറോസ് | Photo: Mathrubhumi

തവനൂര്‍: യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരേ വീണ്ടും ഇടത് എംഎല്‍എ കെ.ടി. ജലീല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജലീലിന്റെ പ്രതികരണം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന യമ്മി ഫ്രൈഡ് ചിക്കന്‍ ഷോപ്പ് സന്ദര്‍ശിച്ചുവെന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നപ്പോള്‍ ചെവിയിലേക്ക് ഇരച്ചെത്തിയത് കത്വയിലെ എട്ടുംപൊട്ടും തിരിയാത്ത പൊന്നുമോളുടെ ആര്‍ത്തനാദമായിരുന്നെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു. 

ഹൈലൈറ്റ് മാളിലെ പ്രസ്തുത സ്ഥാപനത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ലെങ്കില്‍ ഫിറോസിന് അക്കാര്യം കണ്ണടച്ച് നിഷേധിക്കാം. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഹൈലൈറ്റ് മോളിലെ യമ്മി ഫ്രൈഡ് ചിക്കന്‍ മറ്റൊരു ബിനാമിയെ മുന്നില്‍ നിര്‍ത്തി ഫിറോസ് നടത്തുന്നത് തന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിക്കുമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

വൈകാതെ ബ്ലൂഫിന്‍ വില്ലാ പ്രൊജക്ട് ഓഫീസിലും വരുന്നുണ്ട്. വില്ലയുടെ വിലയറിയാന്‍. വാങ്ങാനല്ല. പറ്റിക്കപ്പെടാന്‍ സാദ്ധ്യതയുള്ള പാവം ലീഗുകാര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍, എന്നും ജലീലിന്റെ കുറിപ്പിലുണ്ട്. 

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

തമ്പീ, വിടമാട്ടെ!
'പാരമ്പര്യമായി കോടികളുടെ ആസ്തിയുള്ള' കുന്ദമംഗലം സ്വദേശി 'ദോതിരാജ' പി.കെ ഫിറോസിന്റെ 'ഷാഡോ ഉടമസ്ഥ'തയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന കൊപ്പത്തെ ഫ്രാഞ്ചൈസിക്ക് പുറമെ, കോഴിക്കോട് ഹൈലറ്റ് മോളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 'Yummy Fried Chicken' ഷോപ്പ് തിരക്കുകള്‍ക്കിടയിലും ഇന്നലെ സന്ദര്‍ശിച്ചു. 
മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അകത്തെ മേശയുടെ പിന്നില്‍ ഇരുന്നു. എന്റെ ചെവിയിലേക്ക് അപ്പോള്‍ ഇരച്ചെത്തിയത് കത്വയിലെ എട്ടും പൊട്ടും തിരിയാത്ത പൊന്നുമോളുടെ ആര്‍ത്തനാദമാണ്. ഞെട്ടിത്തരിച്ച ഞാന്‍ ഇരുചെവികളും പൊത്തിപ്പിടിച്ചു. ദോതി ചാലഞ്ചില്‍ പറ്റിക്കപ്പെട്ട  ലീഗുപ്രവര്‍ത്തകരുടെ രോഷം കത്തിപ്പടരുന്നതിന്റെ ചൂടാണ് കോഴി പൊരിക്കുന്ന ചൂടിനെ പിന്നിലാക്കി അവിടെയെല്ലാം ആഞ്ഞു വീശിയത്.
ഹൈലൈറ്റ് മോളിലെ പ്രസ്തുത സ്ഥാപനത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ലെങ്കില്‍ ഫിറോസിന് അക്കാര്യം കണ്ണടച്ച് നിഷേധിക്കാം. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഹൈലൈറ്റ് മോളിലെ 'Yummi Fried Chicken' മറ്റൊരു ബിനാമിയെ മുന്നില്‍ നിര്‍ത്തി ഫിറോസ് നടത്തുന്നത് തന്നെയാണെന്ന് നാട്ടുകാര്‍ ഉറപ്പിക്കും.
വൈകാതെ 'BlueFin' വില്ലാ പ്രൊജക്ട് ഓഫീസിലും വരുന്നുണ്ട്. 'വില്ല'യുടെ വിലയറിയാന്‍. വാങ്ങാനല്ല. പറ്റിക്കപ്പെടാന്‍ സാദ്ധ്യതയുള്ള പാവം ലീഗുകാര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍.
NB: ജനങ്ങളെ പറ്റിച്ച് കിട്ടുന്നതില്‍ നിന്ന് തോണ്ടിത്തിന്നാം. നക്കിത്തിന്നാം. പക്ഷെ, എല്ലാംകൂടി അണ്ണാക്ക് തൊടാതെ 'മുണ്ങ്ങരുത്' (വിഴുങ്ങരുത്). കക്കുന്നതിന് ഒരു പരിധി വേണം' (മലപ്പുറത്തെ മുന്‍ ഡി.സി.സി പ്രസിഡണ്ട് ശ്രീ വി.എം കൊളക്കാട് പ്രസംഗമദ്ധ്യെ പറഞ്ഞത്)

Content Highlights: kt jaleel against pk firoz