കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസുകള്‍ നിര്‍ത്തലാക്കി; ഭരണം ഡിപ്പോകളിലേക്ക് മാറ്റാൻ തീരുമാനം

തിരുവനന്തപുരം: പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയ ജില്ലാ ഓഫീസ് സംവിധാനം പിന്‍വലിക്കുന്നു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ ഓഫീസുകള്‍ ഒഴിവാക്കി പഴയപടി ഡിപ്പോകളിലേക്ക് ഭരണം മാറ്റാനാണ് തീരുമാനം.
പ്രൊഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നരവര്‍ഷം മുമ്പ് ഭരണവികേന്ദ്രീകരണം നടപ്പാക്കിയത്. മധ്യനിര മാനേജ്‌മെന്റിലെ വീഴ്ച പരിഹരിക്കുന്നതിനായിരുന്നു ജില്ലാ ഓഫീസുകളിലേക്കുള്ള മാറ്റം. ഭരണച്ചെലവ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ വിജയം നേടിയതായി മാനേജ്‌മെന്റ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രി മാറിയതോടെ അവകാശവാദങ്ങളും കീഴ്‌മേല്‍മറിഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിലെ ആദ്യ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കാലഘട്ടത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. ഓഫീസ് മാറ്റം ജീവനക്കാരെയും വലയ്ക്കും. ഡിപ്പോകളിലൂടെ ഓഫീസ് സംവിധാനം ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റിയപ്പോള്‍ സര്‍വീസ് രേഖകള്‍ ഉള്‍പ്പടെ പലതും നഷ്ടമായിരുന്നു. ഓഫീസുകള്‍ തിരിച്ച് മാറ്റുമ്പോഴും ഇതേ ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടര വര്‍ഷത്തിനിടെ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും ഇപ്പോള്‍ നഷ്ടമെന്ന് കണ്ട് പിന്‍വലിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ വര്‍ക്ക്‌ഷോപ്പുകളും നിര്‍ത്തിയിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച ഫിനാന്‍സ് മാനേജര്‍ ഉള്‍പ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെ പെട്ടെന്ന് ഒഴിവാക്കുകയും ചെയ്തു.
Content Highlights: ksrtc to close district offices