കെ.എസ്.ആര്‍.ടി.സി യില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫിന്റെ പണിമുടക്ക് പുരോഗമിക്കുന്നു. 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി എം.ഡി പ്രമോജ് ശങ്കര്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഡി.എ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു.
സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ താത്കാലിക ജീവനക്കാരെ നിയോഗിച്ച് സര്‍വീസുകള്‍ നടത്താനുള്ള മുന്‍കരുതലുകള്‍ നേരത്തേ തന്നെ അധികൃതര്‍ സ്വീകരിച്ചിരുന്നു. സമരം കെ.എസ്.ആര്‍.ടി.സി യെ തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.
Content Highlights: ksrtc tdf 24 hour strike