KSRTC ബസിൽ യാത്രക്കാരന്‍ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് ജീവനക്കാർ,ഒപ്പംനിന്നത് രണ്ടുമണിക്കൂറിലേറെ

കുഴഞ്ഞുവീണ യാത്രക്കാരനെ മുട്ടുചിറയിലെ ആശുപത്രിയിലെത്തിച്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിനുമുന്നില്‍ കാത്തുനില്‍ക്കുന്ന മറ്റ് യാത്രക്കാര്‍. ഇന്‍സെറ്റില്‍ ഡ്രൈവര്‍ അര്‍ജുന്‍ സിദ്ധാര്‍ഥന്‍, കണ്ടക്ടര്‍ വിപിന്‍ വിദ്യാധരന്‍
കുഴഞ്ഞുവീണ യാത്രക്കാരനെ മുട്ടുചിറയിലെ ആശുപത്രിയിലെത്തിച്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിനുമുന്നില്‍ കാത്തുനില്‍ക്കുന്ന മറ്റ് യാത്രക്കാര്‍. ഇന്‍സെറ്റില്‍ ഡ്രൈവര്‍ അര്‍ജുന്‍ സിദ്ധാര്‍ഥന്‍, കണ്ടക്ടര്‍ വിപിന്‍ വിദ്യാധരന്‍

കടുത്തുരുത്തി: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. ആശുപത്രിയിലാക്കി ബാധ്യത തീര്‍ത്ത് മടങ്ങുന്നതിനപ്പുറം സഹായവുമായി രണ്ട് മണിക്കൂറിലധികം ഒപ്പംനിന്നു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ എസ്. ആകാശ് (29) ആണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ച രാത്രി എട്ടരയോടെ കുഴഞ്ഞുവീണത്.

ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ മല്ലപ്പള്ളി മാന്താനം പാറക്കല്‍ വീട്ടില്‍ അര്‍ജുന്‍ സിദ്ധാര്‍ഥന്‍(29), കണ്ടക്ടര്‍ മല്ലപ്പള്ളി കുന്നന്താനം കോലത്ത് കിഴക്കേതില്‍ വിപിന്‍ വിദ്യാധരന്‍(34) എന്നിവരാണ് കൈത്താങ്ങായത്. തലയോലപ്പറമ്പ് ജങ്ഷന്‍ പിന്നിട്ടപ്പോഴാണ് ബസിന്റെ മധ്യഭാഗത്തിരുന്ന ആകാശ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്ന യുവതി വൈദ്യസഹായം ആവശ്യപ്പെട്ടു. മറ്റു യാത്രക്കാര്‍ വെള്ളവും പ്രാഥമിക ശുശ്രൂഷയും നല്‍കി.

മുട്ടുചിറ ജങ്ഷനില്‍ ബസ് നിര്‍ത്തിയശേഷം യുവാവിനെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിലാണ് 100 മീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചത്.

സംഭവം കണ്‍ട്രോള്‍ റൂമിലറിയിച്ച ജീവനക്കാരോട് ആശുപത്രിയില്‍ കഴിയുന്ന യുവാവിനൊപ്പമുള്ളത് വനിതയായതിനാല്‍ അവിടത്തന്നെ തുടരാന്‍ നിര്‍ദേശം ലഭിച്ചു. ബസിലുണ്ടായിരുന്ന 27 യാത്രക്കാരെ കണ്ടക്ടര്‍ 9.30- ഓടെ മറ്റൊരു ബസില്‍ കയറ്റിവിട്ടു. രാത്രി 10.30- ഓടെ ആകാശിനെയും സുഹൃത്തിനെയും അതേ ബസില്‍തന്നെ കോട്ടയം ഡിപ്പോയിലെത്തിച്ചു.

Content Highlights: ksrtc swift bus employees helps passenger who faints in bus