'മിന്നൽ', 'സ്വിഫ്റ്റ്' ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

തിരുവനന്തപുരം: കേരളത്തിലെ ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരവും വേഗമേറിയതുമായ കെ.എസ്.ആർ.ടി.സി 'മിന്നൽ', സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.
ലിമിറ്റഡ് സ്റ്റോപ്പുകളോടെ സ്റ്റേറ്റ്-നാഷണൽ ഹൈവേകളിൽ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ സമയംകൊണ്ട് ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ, രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ അതീവ പ്രധാനമാണെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.
ഉയർന്ന വേഗതയിലുള്ള പെട്ടെന്നുള്ള ബ്രേക്കിങ്ങും അപകടങ്ങളും വലിയ പരിക്കുകൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തി എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും എല്ലാ യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം.
യാത്രയിലുടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെ.എസ്.ആർ.ടി.സി എംഡി ഉറപ്പുനൽകിയതായി അബിൻ വർക്കി എംഎൽഎ അറിയിച്ചു.
Content Highlights: Abin Varkey Kodiatt MLA requests Ksrtc to enforce seat belt use for drivers and passengers in high-speed Minnal buses for enhanced safety.