ഇനി ‘വി.ഐ.പി.’ അല്ല, നവകേരള ബസ് സൂപ്പർ ഡീലക്സായി രൂപംമാറി എത്തും

#സ്വന്തം ലേഖകൻ
നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

കോഴിക്കോട്: നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് ഇനി കെ.എസ്.ആർ.ടി.സി.യിലെ വി.ഐ.പി.യല്ല. മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലിറങ്ങും. 1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും.

26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. ബസിനുപുറകിൽ വാതിൽമുതലുള്ള ഭാഗം ടോയ്‌ലറ്റും വാഷിങ് ഏരിയയുമായിരുന്നു. അത് പൊളിച്ചുമാറ്റി ടോയ്‌ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും.

നേരത്തേ നവകേരള ബസ്, ഗരുഡ പ്രീമിയം ലക്ഷുറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നു. അത് നഷ്ടത്തിലാണ് കലാശിച്ചത്. വി.ഐ.പി. പദവി ഇല്ലാതാവുന്നതോടെ യാത്രാനിരക്കും കുറയും. 1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. ഇനി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എ.സി. ബസിന്റെ ടിക്കറ്റ് എടുത്ത് യാത്രചെയ്യാം. അപ്പോൾ നിരക്ക് പകുതിയോളമാകും. മുഖ്യമന്ത്രിക്ക്‌ ഉൾപ്പെടെ കയറാൻവേണ്ടി സജ്ജീകരിച്ച വാഹനമായതിനാൽ മുൻഭാഗത്ത് ഹൈേഡ്രാളിക് ലിഫ്റ്റും പുറകിൽ ഓട്ടോമാറ്റിക് വാതിലുമായിരുന്നു. ഹൈഡ്രാളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തതവന്നിട്ടില്ല.

ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ജൂലായ് മുതൽ കോഴിക്കോട് നടക്കാവ് റീജണൽ വർക്ക് ഷോപ്പിൽ കട്ടപ്പുറത്തായിരുന്നു. അവിടെ ഒരു മാസത്തോളം പൊടിപിടിച്ചുകിടന്നശേഷമാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. യാത്രക്കാർ കുറഞ്ഞ് സർവീസ് നഷ്ടത്തിലായതോടെ മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടിവരുമെന്ന അവസ്ഥ വന്നതോടെയാണ് രൂപമാറ്റം വരുത്താൻ തീരുമാനിച്ചത്. 

എല്ലാദിവസവും ബെംഗളൂരുവിലേക്ക് യാത്രക്കാർ ഉണ്ടായിരുന്നില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തും പതിനഞ്ചും യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് പുറപ്പെടാറുള്ള ബസ്, യാത്രക്കാരില്ലാതെ പലദിവസങ്ങളിലും സർവീസ് റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലായ്‌ക്കുശേഷം സർവീസ് നടത്തിയിരുന്നില്ല. മേയ് ആറിനാണ് നവകേരളബസ് കെ.എസ്.ആർ.ടി.സി. സർവീസാക്കി മാറ്റിയത്. 

എല്ലാ ദിവസവും പുലർച്ചെ നാലിനായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. സമയത്തിലെ അശാസ്ത്രീയതയും യാത്രക്കാർ കുറയാൻ കാരണമായിരുന്നു. അന്ന് ബസിന്റെ സമയം രാവിലെ ആറുമണിയിലേക്ക് മാറ്റാൻ പ്രൊപ്പോസൽ കൊടുത്തിരുന്നു. ബസ് വീണ്ടും പുറത്തിറങ്ങുമ്പോൾ സമയംമാറ്റുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.

Content Highlights: The Navakeralayatra bus is undergoing a transformation into a luxurious Super Deluxe AC bus