ജൂൺ 15 മുതൽ KSRTCയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരിക്കും. ഈ രണ്ട് ഗ്യാരണ്ടികളാണ് ഏറ്റവും ആദ്യം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും ബാക്കിയുള്ളവ വഴിയേ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡൽ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌ന തുല്യമായ ലക്ഷ്യമുണ്ട്. സമൂഹം പരിഷ്‌കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണം.’ അദ്ദേഹം പറഞ്ഞു.
'സമരം അവസാനിപ്പിക്കുന്നതിന് മുമ്പും, അവസാനിപ്പിക്കുന്ന ദിവസവും ആശ വർക്കർമാരുടെ സമരപ്പന്തലിൽ പോയ ആളാണ് ഞാൻ. ആദ്യത്തെ കാബിനറ്റിൽ അവർക്കുള്ള സഹായങ്ങൾ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവർക്ക് വാക്കുകൊടുത്ത ആളാണ് ഞാൻ. അതിന്റെ ഭാഗമായി, ആദ്യ ഘട്ടമെന്ന് നിലയിൽ അവർക്ക് 3000 രൂപയുടെ വർധനവ് പ്രഖ്യാപിക്കുന്നു.' മുഖ്യമന്ത്രി പറഞ്ഞു.
'റിട്ടയർമെന്റ് ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളിൽ തീരുമാനിച്ച് പ്രഖ്യാപിക്കും. കുറച്ചുകൂടി കഴിയുമ്പോൾ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കും. ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കും. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്‌നങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഞങ്ങൾ തന്നെ സഭയിൽ ഉന്നയിച്ചിട്ടുള്ളതാണ്. അവരുടെ കാര്യം മറന്നുപോയിട്ടില്ല എന്ന് ഒന്നുകൂടി ഓർമിപ്പിക്കുകയാണ്. വലിയ തുകയൊന്നും അല്ലെങ്കിലും, 1000 രൂപയെങ്കിലും വർധിപ്പിക്കും.' വി.ഡി. സതീശൻ പറഞ്ഞു.
'സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർധിപ്പിപ്പിച്ചിട്ടുണ്ട്. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾ പരിശോധിച്ച ശേഷമാണ് ഈ വർധനവുകൾ വരുത്തിയിട്ടുള്ളത്.' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Free KSRTC bus travel for women begins June 15., Implementation of UDF election manifesto guarantees., Formation of a specialized department for senior citizens., Adoption of a Japan-model welfare framework for the elderly.