വോട്ട് കാലത്ത് ഓടിയ KSRTC ബസ് ഫലം വന്നപ്പോൾ നിന്നു; പരാതി മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽനിന്ന്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ ഓടിയ ബസിനെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കാണാതായതായി പരാതി. മുഖ്യമന്ത്രിയുടെ നാടായ പിണറായി ഉൾപ്പെടെ ധർമടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയായിരുന്നു ബസ് സർവീസ് നടത്തിയിരുന്നത്. അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കുറുകെ 19 കോടി രൂപ ചെലവിട്ട് നിർമിച്ച ചേരിക്കൽ-കോട്ടം പാലത്തിലൂടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15-ന് പുതിയ കെ.എസ്.ആർ.ടി.സി. ബസ് അനുവദിച്ചത്. ഫെബ്രുവരി 17-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തത്.
പാലത്തിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ബസ് അനുവദിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മേയ് നാലിന് ഫലം വരുന്നതുവരെ ബസ് ഓടുകയും ചെയ്തു. അഞ്ചുമുതൽ ബസിന്റെ വിവരമില്ലതായതായി പ്രദേശവാസികൾ പറയുന്നു. ഉൾനാടൻ മേഖലയിൽ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സൗകര്യമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും യാത്രക്കാർ കുറവായതിനാൽ പ്രതീക്ഷിച്ച വരുമാനമില്ലാത്തതിനാലാണ് സർവീസ് നിർത്തിയതെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്.
രാവിലെ 5.50-ന് തലശ്ശേരിയിൽനിന്ന് പുറപ്പെട്ട് പിണറായി, ചേരിക്കൽ പാലം വഴി കണ്ണൂരിലേക്കായിരുന്നു ആദ്യ സർവീസ്. കണ്ണൂരിൽനിന്ന് തിരിച്ച് പിണറായിയിലെത്തും. ധർമടം മണ്ഡലത്തിലുൾപ്പെടുന്ന വിവിധ പ്രദേശങ്ങളിലൂടെയായിരുന്നു പിന്നീടുള്ള ട്രിപ്പുകളും.
പുലർച്ചെയുള്ള സർവീസ് കണ്ണൂരിൽ അതിരാവിലെ ജോലിക്കെത്തേണ്ട തൊഴിലാളികൾക്കും മറ്റും ഉപകാരപ്രദമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തേ മമ്പറത്ത് പോയി കണ്ണൂരിലേക്കെത്തുന്നവർക്കെല്ലാം സ്വന്തം പ്രദേശങ്ങളിൽനിന്നുതന്നെ ബസ് കിട്ടുന്നത് സൗകര്യമായിരുന്നു. റോഡിന് വീതികുറഞ്ഞ ഭാഗങ്ങളിലൂടെ പോകേണ്ടതിനാൽ മിനി ബസാണ് സർവീസ് നടത്തിയത്. പിണറായി, ചേരിക്കൽ ഭാഗങ്ങളിലെത്തുമ്പോൾത്തന്നെ ബസിൽ യാത്രക്കാർ നിറയാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം അനുവദിച്ച ബസ്, ഫലം വന്നതിന്റെ പിറ്റേന്നുമുതൽ കാണാത്തതിന്റെ പൊരുളാണ് നാട്ടുകാർക്ക് പിടികിട്ടാത്തത്.
Content Highlights: KSRTC mini bus service launched on March 15, 2026, via Cherikkal-Kottam bridge., Service was operational through Pinarayi and Dharmadam constituency., Bus service stopped immediately after the May 4, 2026 election results., Authorities cite low revenue, while locals highlight high utility for commuters.