ഗവിയിൽ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്

പത്തനംതിട്ട: ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം. രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കുത്തേറ്റു.
ഗവി കഴിഞ്ഞു കോഴിക്കാനത്ത് വച്ചാണ് സംഭവം ഉണ്ടായത്. 55 യാത്രക്കാരും ബസ് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേർ വണ്ടിപ്പെരിയാർ ആശുപത്രിയിലും പത്ത് പേർ പീരുമേട് താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വണ്ടിപ്പെരിയാറിൽ ചികിത്സ തേടിയ ഏഴ് പേരും ആശുപത്രിവിട്ടു.
Content Highlights: Wild bee attack on a KSRTC bus heading to Gavi from Pathanamthitta, Driver and conductor sustained bee stings during the incident near Kozhikanam, 55 passengers and crew were on board the bus, Injured individuals admitted to the hospital in Vandiperiyar