‘KSRTC ബസ് ആദ്യം മധൂർ പാലത്തിൽനിന്ന് വീഴേണ്ടതായിരുന്നു, ഓവർസ്പീഡ്, ഹോൺ അടിച്ചിട്ടും നിർത്തിയില്ല’

#വിപിന്‍ വാസുദേവന്‍
അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്, ഇൻസൈറ്റിൽ മരിച്ച ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ എം അരുണ്‍
അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്, ഇൻസൈറ്റിൽ മരിച്ച ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ എം അരുണ്‍

കോഴിക്കോട്: കർണാടക ബിഡദിക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് അമിതവേഗതയിലായിരുന്നുവെന്ന് പിന്നിലുണ്ടായിരുന്ന സ്വകാര്യബസ്സിലെ ഡ്രൈവർ. അപകടകരമായ രീതിയിലായിരുന്നു ബസ് പൊയ്‌കൊണ്ടിരിന്നതെന്ന് എസ്‌കെഎസ് ബസിലെ ഡ്രൈവർ യാസിൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. കണ്ണൂർ പയ്യന്നൂരിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു എസ്‌കെഎസ് ബസ്.

'എക്‌സ്പ്രസ് വേയിലെ മധൂർ മേൽപാലത്തിൽവെച്ചാണ് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് എന്റെ ബസിനെ മറികടന്ന് പോയത്. ശനിയാഴ്ച രാവിലെ ഏകദേശം അഞ്ചേമുക്കാലോടെ ആയിരുന്നു ഇത്. സെന്റർ ട്രാക്കിലൂടെയാണ് ഞാൻ ഓടിച്ച എസ്‌കെഎസ് ബസ് പൊയ്‌കൊണ്ടിരുന്നത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ഈ ബസിൽ ഇടിച്ചു ഇടിച്ചില്ലായെന്ന മട്ടിലാണ് കെഎസ്ആർടിസി പോയത്. പിന്നീട് ഫാസ്റ്റ് ട്രാക്കിലൂടെ പൊയ്‌ക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് ഇടതുഭാഗത്തെ ട്രാക്കിലേക്ക് കയറിവന്നു. യഥാർഥത്തിൽ മധൂർ മേൽപാലത്തിൽനിന്നായിരുന്നു ബസ് ആദ്യം താഴേക്ക് വീഴേണ്ടിയിരുന്നത്. ഭാഗ്യംകൊണ്ട് മാത്രമാണ് അത് സംഭവിക്കാതിരുന്നത്. യാതൊരു സിഗ്നലും ഇല്ലാതെയാണ് ബസ് ഇടത്തോട്ടും വലത്തോട്ടും ട്രാക്ക് മാറി പൊയ്‌ക്കൊണ്ടിരുന്നത്. പന്തികേടുതോന്നിയതോടെ ഞാൻ ഹോൺ മുഴക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി വേഗത കുറച്ചു. ഇതോടെ ഞാൻ ഓവർടേക്ക് ചെയ്ത് മുന്നിലേക്ക് കയറി ബസ് നിർത്താൻ ശ്രമിച്ചു. എന്നാൽ വീണ്ടും കെഎസ്ആർടിസി ബസ് സ്പീഡ് കൂട്ടി ഫാസ്റ്റ് ട്രാക്കിലേക്ക് കയറി. ഈ സംഭവം കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞാണ് ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറക്കിത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗതയിലായിരുന്നു ബസ് പൊയ്‌ക്കൊണ്ടിരുന്നത്. ഉറക്കത്തിലാണെങ്കിൽ ഇത്രയും വേഗത്തിൽ പോകാൻ സാധ്യതയില്ല. കാരണം മയങ്ങിപോവുകയാണെങ്കിൽ സ്വാഭാവികമായും ആക്‌സിലേറ്ററിൽ കാൽ അധികം അമരില്ല, യാസിൻ പറഞ്ഞു.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിഡദിക്ക് സമീപമാണ് ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവർ മരിച്ചു. ഇരപതോളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഒരു യാത്രക്കാരിയുടെ കാൽ അറ്റുപോയെന്നാണ് വിവരം. ബസിൽ ആകെ 29 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 

മൈസൂർ ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ പൊയ്‌ക്കൊണ്ടിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സഞ്ചരിച്ചിരുന്ന ട്രാക്കിൽനിന്ന് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വലതുവശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് കോഴിക്കോട് തിരിച്ചെത്തിയത് വെള്ളിയാഴ്ച വൈകിട്ടോടെയാണെന്നാണ് അറിയുന്നത്. രാത്രിയിൽ 9 മണിക്ക് ബെംഗളൂരു സർവീസിൽ വീണ്ടും ഡ്യൂട്ടിക്ക് കയറിയെന്നാണ് വിവരം.

Content Highlights: KSRTC bus travelling from Kozhikode to Bengaluru met with an accident near Bidadi., Driver Mithilesh and Conductor Arun died in the crash., Eyewitness reports the bus was travelling at over 100 km/h with erratic lane changing., Concerns raised over driver fatigue due to back-to-back duty shifts., Approximately 20 passengers injured, some in critical condition.