'കറണ്ട് പോകുമ്പോൾ പേടിയാകും, വൈദ്യുതി അവന് ജീവശ്വാസമാണ്'; കെഎസ്ഇബിയുടെ കനിവ് കാത്ത് ഡാനിയൽ

കോഴിക്കോട്: ഡെന്നി ഡേവിസിനും ഭാര്യ അനിതയ്ക്കും മകന്റെ പ്രാണവായുവാണ് വൈദ്യുതി. ഓരോവട്ടവും വൈദ്യുതി മുടങ്ങുമ്പോൾ ഇരുവരുടെയും മനസ് പിടയും. മകൻ ഡാനിയൽ ഡെന്നിസിന്റെ ജീവൻ നിലനിർത്താൻ വൈദ്യുതി കൂടിയേതീരൂ. ഡുഷൻ മസ്കുലാർ ഡിസ്ട്രോഫി രോഗം ബാധിച്ച് കിടപ്പിലായ ഡാനിയൽ ഓക്സിജൻ യന്ത്രം ഉപയോഗിച്ചാണ് ശ്വസിക്കുന്നത്.
മുഴുവൻസമയവും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ ഓക്സിജൻ യന്ത്രമാണ് ഡാനിയലിന്റെ ജീവൻ നിലനിർത്തുന്നത്. എന്നാൽ, മൂഴിക്കൽ വിരുപ്പിൽ താണിപ്പുറത്തുപറമ്പിലുള്ള ഇവരുടെ വീട്ടിൽ വൈദ്യുതി മുടക്കം പതിവാണ്. നിലവിലെ വെള്ളിമാടുകുന്ന് കെഎസ്ഇബി സെക്ഷനിൽനിന്ന്, തടസമില്ലാതെ വൈദ്യുതി ലഭിക്കുന്ന മെഡിക്കൽ കോളേജ് സെക്ഷനിലേക്ക് കണക്ഷൻ മാറ്റിതരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിരവധി അപേക്ഷകൾ നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രദേശത്ത് വൈദ്യുതി വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്. ഒരിക്കൽ വോൾട്ടേജ് വല്ലാതെ കുറഞ്ഞതോടെ ഡാനിയലിന് ഓക്സിജൻ കിട്ടാതെയായി. ആരോഗ്യനില വഷളായതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ശരീരത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുതലായി. തുടർന്ന് അത്യാഹിതവിഭാഗത്തിൽ മൂന്നുമാസത്തോളം ചികിത്സയിലായിരുന്നു.
പിന്നീട് വീട്ടിൽ ഐസിയു സംവിധാനങ്ങൾ സജ്ജീകരിച്ചശേഷമാണ് ഡാനിയലിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് കൊണ്ടുവന്നത്. കഴുത്തിൽ ദ്വാരമിട്ട് ഓക്സിജൻ നൽകുന്ന രീതി ആരംഭിച്ചതിനാൽ മുഴുവൻ സമയവും വൈദ്യുതി ആവശ്യമാണ്. എന്നാൽ, വൈദ്യുതി മുടക്കം പതിവായതിനാൽ മകന്റെ ജീവശ്വാസം തടസപ്പെടുമെന്ന ഭീതിയിലാണ് രക്ഷിതാക്കൾ.
മഴപെയ്ത് വെള്ളം ഉയരുന്നതോടെ വിരുപ്പിലുള്ള ട്രാൻസ്ഫോമർ കെഎസ്ഇബി ഓഫാക്കുമ്പോൾ പ്രതിസന്ധി വർധിക്കും. കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് സുഹൃത്തുക്കളും മറ്റുള്ളവരും നൽകിയ ചെറിയ ശേഷിയുള്ള ഇൻവെർട്ടറും ജനറേറ്ററുമാണ് ഈ സമയങ്ങളിൽ ഡാനിയലിന്റെ ജീവന് രക്ഷയേകുക.
വെള്ളിമാടുകുന്ന് സെക്ഷനിലെ ഇലക്ട്രിക് പോസ്റ്റും മെഡിക്കൽ കോളേജ് സെക്ഷനിലെ പോസ്റ്റും തമ്മിൽ ഏകദേശം 100-200 മീറ്റർ അകലം മാത്രമേയുള്ളു. തങ്ങളുടെ കണക്ഷൻ മാറ്റിനൽകണമെന്ന് അപേക്ഷിച്ച് ഇവർ മുട്ടാത്ത വാതിലുകളില്ല. രണ്ട് സെക്ഷൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ശരിയാക്കാം എന്ന വാക്കാലുള്ള മറുപടി മാത്രം. ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലെങ്കിലും സ്വന്തം മകന്റെ പ്രാണവായു തടസപ്പെടാതിരിക്കാനുള്ള വൈദ്യുതി മാത്രം തങ്ങൾക്ക് മതിയെന്നാണ് ഈ രക്ഷിതാക്കൾ പറയുന്നത്.
Content Highlights: Daniel Dennis relies on a 24/7 ventilator due to Duchenne Muscular Dystrophy., Frequent power outages at his Kozhikode home threaten his life-support system., The family is requesting a power connection shift from Vellimadukunnu to the Medical College section., Current infrastructure and voltage fluctuations have caused severe health complications in the past., Authorities have provided only verbal assurances despite multiple formal applications.