വൈദ്യുതിവാങ്ങൽ: സർക്കാർ നിർദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് രാജമാണിക്യം; തർക്കത്തിനൊടുവിൽ സ്ഥാനചലനം

#പ്രത്യേക ലേഖകൻ
എം.ജി. രാജമാണിക്യം | ഫോട്ടോ: മാതൃഭൂമി
എം.ജി. രാജമാണിക്യം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധി ഒഴിവാക്കാൻ ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന് കെ.എസ്.ഇ.ബി. സ്വകാര്യ ഓവർ ദ കൗണ്ടർ പ്ലാറ്റ്‌ഫോം ആയ ജെ.എൻ.എ.യിൽനിന്ന് വാങ്ങിയാൽമതിയെന്ന് സർക്കാർ. അത് 700 കോടിയുടെ നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ഇ.ബി. ഈ തർക്കത്തിനൊടുവിലാണ് ചെയർമാൻ ഡോ. രാജമാണിക്യത്തിന്റെ സ്ഥാനചലനം. കെ.എസ്.ഇ.ബി. ചെയർമാന്മാരെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്ന നിലപാടെടുത്ത യു.ഡി.എഫ്. സർക്കാരിന്റെ കാലത്തെ ആദ്യ ചെയർമാൻ ഇരുന്നത് ആറുമാസം.

ഒക്ടോബറിൽ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ നെട്ടോട്ടമോടിയപ്പോൾ ഹിമാചൽപ്രദേശ് പവർ കോർപ്പറേഷനിൽനിന്ന് 14.5 രൂപ നിരക്കിൽ വാങ്ങിയിരുന്നു. സർക്കാർതല ചർച്ചയിലൂടെ നിരക്ക് 12.5 രൂപയായി കുറയ്ക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. ഹിമാചലിൽനിന്ന് മേയ്‌വരെ വാങ്ങണമെന്നാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. വില 14.5 രൂപയാണെങ്കിൽ, 80 ശതമാനം വൈദ്യുതിയും രാത്രി കിട്ടുന്നതുകൊണ്ട് അതാണ് ലാഭമെന്നും അറിയിച്ചു.

ഇതിനിടെ വിവിധ കമ്പനികളിൽനിന്നുള്ള വൈദ്യുതി വിറ്റഴിക്കുന്ന ജി.എൻ.എ. എനർജി പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് സർക്കാരിന് മറ്റൊരു വാഗ്ദാനം ലഭിച്ചു. മാർച്ചുവരെ പകലും രാത്രിയിലുമായി 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, കേരളത്തിന് പകൽ പുറമേനിന്നുള്ള വൈദ്യുതി ആവശ്യമില്ല. വൈദ്യുതി ഇടപാടിൽ ഈ മാർച്ചുവരെ ജി.എൻ.എ.യ്ക്ക് 1566 കോടി നൽകേണ്ടിവരുമെന്ന് രാജമാണിക്യം റിപ്പോർട്ട് നൽകി. രാത്രിയിൽ അവരിൽനിന്ന് കുറച്ചേ ലഭിക്കൂ. എന്നാൽ, ഹിമാചൽപ്രദേശിൽനിന്ന് രാത്രികാലത്തേക്ക്‌ ആവശ്യമുള്ളത് വാങ്ങാനുള്ള ചെലവ് 1281 കോടി മാത്രമാണ്. മാത്രമല്ല, രാത്രിയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ 442 കോടിയുടെ വൈദ്യുതി വീണ്ടും വാങ്ങേണ്ടിവരും. 727 കോടിയുടെ നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്.

സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എ. വഴി വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടില്ലെന്നും ഇനി അതിന് സാധ്യതയില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. എന്നാൽ, ജി.എൻ.എ. വഴി വാങ്ങുന്നതുമായി മുന്നോട്ടുപോകാനാണ് സർക്കാരിന് താത്പര്യമെന്ന് അറിഞ്ഞഘട്ടത്തിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് രാജമാണിക്യം അറിയിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച രാജമാണിക്യത്തിന്റെ പ്രതികരണം ലഭ്യമായില്ല. ജി.എൻ.എ.യിൽനിന്ന് വൈദ്യുതി വാങ്ങാൻ ഇതുവരെ സർക്കാർ കെ.എസ്.ഇ.ബി.ക്ക്‌ ഔദ്യോഗികമായി നിർദേശം നൽകിയിട്ടില്ല.

സ്ഥാനമേറ്റയുടൻ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്ന സാഹചര്യത്തിൽ രാജമാണിക്യം വിമർശനം നേരിട്ടിരുന്നു. എന്നാൽ, എൻ.ടി.പി.സി.യിൽനിന്നും 5.60 രൂപയ്ക്ക് 500 മെഗാവാട്ട് വൈദ്യുതി ജനുവരിമുതൽ ലഭ്യമാക്കുന്നതിന് ചർച്ചനടത്തി ധാരണയിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കാനും ധാരണയിലെത്തിയിരുന്നു.

Content Highlights: KSEB and the Kerala government are at loggerheads over purchasing power from Himachal Pradesh versus private platforms, resulting in a financial dispute and the exit of the board chairman.