വൈദ്യുതി വാങ്ങാൻ ദിവസവും കണ്ടെത്തേണ്ടത് 10 മുതൽ 15 കോടിവരെ; ഭാവിയിൽ ഉപഭോക്താക്കൾ നൽകേണ്ടിവരും

#പ്രത്യേക ലേഖകൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി

തിരുവനന്തപുരം: രാത്രിയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. ദിവസേന കണ്ടെത്തേണ്ടത് പത്തുമുതൽ 15 കോടിവരെ രൂപ. ജൂലായ് ആദ്യംമുതൽ ഇതാണ് സ്ഥിതി.

വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നതിനാലും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കുന്നതിനാലും അത് ഒഴിവാക്കാനാണ് കെ.എസ്.ഇ.ബി. ശ്രമിക്കുന്നത്. രാത്രിയിൽ 10 രൂപവരെ വില നൽകേണ്ടിവരുന്നു. ഈ തുക മുഴുവൻ ഭാവിയിൽ വൈദ്യുതിനിരക്കായി ഉപഭോക്താക്കൾ നൽകേണ്ടിവരും.

ജൂലായ് 18-നുശേഷം ഇതുവരെ ഔദ്യോഗികമായി വൈദ്യുതിനിയന്ത്രണം ഉണ്ടായിട്ടില്ല. പവർ എക്സ്‌ചേഞ്ചിൽനിന്ന് ‌മുൻകൂർപണം നൽകി വൈദ്യുതിവാങ്ങിയാണ് അത് ഒഴിവാക്കുന്നത്. അടുത്തമാസംമുതൽ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ചെങ്കിലും കെ.എസ്.ഇ.ബി. ലക്ഷ്യമിട്ട തോതിൽ വൈദ്യുതി നൽകാൻ ആരും മുന്നോട്ടുവന്നിട്ടില്ല.

ഓഗസ്റ്റിൽ സർച്ചാർജ് ഇല്ല

ഓഗസ്റ്റിൽ വൈദ്യുതി നിരക്കിനൊപ്പം സർച്ചാർജ് ഈടാക്കേണ്ടെന്ന് കെ.എസ്.ഇ.ബി. തീരുമാനിച്ചു. ജൂലായിൽ പ്രതിമാസ ബില്ലുകാർക്ക് സർച്ചാർജ് ഉണ്ടായിരുന്നില്ല. രണ്ടുമാസത്തിലൊരിക്കൽ ബില്ലടയ്ക്കുന്നവർക്ക് ഒരു പൈസയായിരുന്നു സർച്ചാർജ്. ഓഗസ്റ്റിൽ രണ്ടുവിഭാഗത്തിനും സർച്ചാർജ് ഇല്ല.

Content Highlights: KSEB spending 10-15 crore daily to prevent power outages., Purchasing power at high rates up to Rs 10 per unit., No official power cuts reported since July 18, 2026., No electricity surcharge for consumers in August 2026.