മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി; ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ല

തിരുവനന്തപുരം: മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി. പിന്നാക്ക വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട സമിതി വിഷയത്തില്‍ ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ലെന്നും വിമര്‍ശിച്ചു.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം എന്നത് കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. ആ നയത്തെ സ്വാഗം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ പിന്നാക്കക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്ന വിധത്തിലാകരുത് സംവരണം ഏര്‍പ്പെടുത്തുന്നത് എന്ന അഭിപ്രായമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടായത്.
വിഷയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പരസ്യ നിലപാട് സ്വീകരിച്ച ലീഗിന്റെ നിലപാട് വിമര്‍ശിക്കപ്പെടുകയും ചെയ്തു. വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ ലീഗിന്റെ നിലപാട് അനുചിതമായിരുന്നെന്ന് വിമര്‍ശിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചചെയ്യാന്‍ ഏഴാം തീയതി വീണ്ടും രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്. പി.സി. തോമസ്, പി.സി. ജോര്‍ജ് തുടങ്ങിയവര്‍ യുഡിഎഫിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഘടകക്ഷികളെ യുഡിഎഫിലേയ്ക്ക് സ്വീകരിക്കേണ്ട എന്ന അഭിപ്രായമാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടായത്.
Content Highlights: KPCC welcomes forward reservation
Content Highlights: