ഭക്ഷ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പനിനീരിൽ മാരകമായ രാസവസ്തു; വ്യാജ റോസ് വാട്ടർ യൂണിറ്റ് പൂട്ടിച്ചു

കോഴിക്കോട്: ഭക്ഷ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്തുക്കൾ കലർന്ന വ്യാവസായിക എസ്സൻസ് ചേർക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കോഴിക്കോട് നല്ലളത്തെ ഭക്ഷ്യനിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. 'ആസാദ് ഫുഡ് പ്രൊഡക്ട്സ്' എന്ന സ്ഥാപനത്തിലാണ് 'ഓപ്പറേഷൻ ഓണം' എന്ന പേരിൽ അധികൃതർ മിന്നൽ പരിശോധന നടത്തിയത്. ബിരിയാണിക്കും മറ്റ് വിഭവങ്ങൾക്കും സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തിയും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഇൻഡസ്ട്രിയൽ ഗ്രേഡ് എസ്സൻസാണ് ഇവർ കലർത്തിയിരുന്നത്.
'വ്യാവസായിക ആവശ്യത്തിന് മാത്രം' എന്ന് ലേബൽ ചെയ്ത എസ്സൻസാണ് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ ഈ സ്ഥാപനം ഉപയോഗിച്ചിരുന്നത്. ഡിറ്റർജന്റുകൾ, പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഈ രാസപദാർത്ഥം മനുഷ്യശരീരത്തിന് അതീവ ഹാനികരമാണ്. കൂടാതെ, അച്ചാറുകളും സോസുകളും നിർമ്മിക്കുന്ന ഇവിടെ അതീവ വൃത്തിഹീനമായ സാഹചര്യമാണ് നിലനിന്നിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു. ഉൽപ്പാദന കേന്ദ്രങ്ങളിൽ എലിക്കാഷ്ടം, കുപ്പിച്ചില്ലുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
രാസപദാർത്ഥങ്ങൾ കലർന്ന റോസ് വാട്ടർ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വയറിലെ അസ്വസ്ഥതകൾ, ശർദ്ദി, ഗ്യാസ്ട്രോ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് ഇത് കാരണമാകും. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഈ യൂണിറ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന് നോട്ടീസ് നൽകിയ അധികൃതർ അവിടെനിന്നും സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
യഥാർത്ഥ റോസ് വാട്ടർ കഠിനമായ പ്രക്രിയയിലൂടെയാണ് നിർമ്മിക്കുന്നത് എന്നതിനാൽ വിപണിയിൽ ഇതിന് വലിയ വിലയുണ്ടാകാറുണ്ട്. തീവ്രമായ ഗന്ധത്തോടെ വിപണിയിൽ ലഭിക്കുന്ന കുറഞ്ഞ വിലയിലുള്ള പനിനീരുകൾ പലപ്പോഴും വ്യാജമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓണം പ്രമാണിച്ച് ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ജില്ലയിലുടനീളം പരിശോധനകൾ കർശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
Content Highlights: Kozhikode food safety officials shut down a manufacturing unit using industrial chemicals in rose water.