കാർ പാഞ്ഞുകയറി; കോഴിക്കോട് ലോ കോളേജിന് മുന്നിൽ തോരണം തൂക്കുകയായിരുന്ന 4 വിദ്യാർഥികൾക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണംവിട്ട കാർ വെള്ളിമാടുകുന്ന് ലോ കോളേജിലെ വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറി നാല് പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ റോഡരികിൽ തോരണം തൂക്കുന്നതിനിടയിലാണ് ഇതുവഴിവന്ന കാർ പെട്ടെന്ന് നിയന്ത്രണംവിട്ട് വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയത്.
പരിക്കേറ്റ വിദ്യാർഥികളെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ അബ്ദുൽ ഖാദർ, കണ്ണൂർ സ്വദേശിയായ മുഹമ്മദ് സജൽ, കാസർകോട് സ്വദേശിയായ ശ്രീരാജ്, കണ്ണൂർ സ്വദേശിയായ ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന് കാരണമായ കാർ ഡ്രൈവർ പാഴൂർ ചാലിക്കുഴി സ്വദേശി കാർത്തികേഷിനെ ചേവായൂർ പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു.