കൊട്ടിയൂരിൽ തിരുവോണം ആരാധന വെള്ളിയാഴ്ച

#News Desk
അക്കരെ കൊട്ടിയൂരില്‍ ദര്‍ശനത്തിനായി വരിനില്‍ക്കുന്നവര്‍
അക്കരെ കൊട്ടിയൂരില്‍ ദര്‍ശനത്തിനായി വരിനില്‍ക്കുന്നവര്‍

കൊട്ടിയൂർ: തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു. വെള്ളിയാഴ്ചയാണ് വൈശാഖോത്സവത്തിലെ ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നടക്കുക. നാല് ആരാധനകളാണ് വൈശാഖോത്സവത്തിൽ ഉള്ളത്. തിരുവോണം ആരാധനയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്കാണ് ആരാധന പൂജ നടത്തുക. ഞായറാഴ്ച ഇളനീർവെപ്പും തിങ്കളാഴ്ച ഇളനീരാട്ടവും അഷ്ടമി ആരാധനയും നടക്കും. അക്കരെ ക്ഷേത്രത്തിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം ബ്രാഹ്‌മണസ്ഥാനികരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. വൈശാഖോത്സവത്തിലെ നിത്യപൂജകളും തുടരുന്നു.

വലിയ ഭക്തജനപ്രവാഹമാണ് ബുധനാഴ്ച അക്കരെ കൊട്ടിയൂരിലേക്ക് ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊട്ടിയൂർ പെരുമാളെ തൊഴാനായി എത്തിയത്. അക്കരെ കൊട്ടിയൂരിൽ രാവിലെ മുതൽതന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്. വൈകുന്നേരത്തോടെയാണ് തിരക്ക് അൽപ്പം കുറഞ്ഞത്.

ഉത്സവനഗരി മാലിന്യമുക്തമാക്കാൻ ഹരിതകർമസേന

കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ തിരക്കിൽ അമരുമ്പോഴും ഹരിതചട്ടപാലനം ഉറപ്പാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സുസജ്ജമാണ് ഹരിതകർമസേന. കൊട്ടിയൂർ പഞ്ചായത്തിന്റെ 14 അംഗ ഹരിതകർമസേനയാണ് വിശ്രമമില്ലാതെ ഉത്സവനഗരിയിലെ മാലിന്യം നീക്കി കൊട്ടിയൂരിനെ ഹരിതമാക്കി നിലനിർത്തുന്നതിന് രംഗത്തിറങ്ങിയിരിക്കുന്നത്. തുടർച്ചയായ നാലാം വർഷമാണ് ഹരിതകർമസേന ഉത്സവനഗരിയിൽനിന്ന് മാലിന്യം നീക്കംചെയ്യുന്നത്.

കഴിഞ്ഞവർഷത്തെ ഉത്സവകാലത്ത് മാത്രം 1,10,323 കിലോ മാലിന്യമാണ് വിവിധ പഞ്ചായത്തിൽനിന്നുള്ള ഹരിതകർമസേനാംഗങ്ങൾ ചേർന്ന് ശേഖരിച്ചത്. രാവിലെ ഒൻപതോടെയാണ് സേന ഉത്സവനഗരിയിൽ എത്തുന്നത്. പാമ്പറപ്പാൻ മുതൽ മന്ദംചേരി വരെയുള്ള ജൈവവും അജൈവവുമായ മാലിന്യം മുഴുവൻ നീക്കുന്നത് ഹരിതകർമസേനയാണ്. കൂടാതെ, ഉത്സവനഗരിയിലും പാൽചുരം മുതൽ ചുങ്കക്കുന്ന് വരെയും സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിലെ മാലിന്യവും നീക്കംചെയ്യും. പരിസ്ഥിതി സൗഹൃദമായി ഉത്സവനഗരിയെ നിലനിർത്താൻ അഹോരാത്രം പ്രയത്‌നിക്കുന്ന ഹരിതസേനയുടെ ഒരുദിവസത്തെ പ്രവൃത്തി അവസാനിക്കുമ്പോൾ സന്ധ്യയാകും.

ഉത്സവം മുന്നിൽക്കണ്ട് വീടുകളിൽനിന്നുള്ള മാലിന്യശേഖരണം കൊട്ടിയൂരിലെ ഹരിതകർമസേന മേയിൽതന്നെ പൂർത്തിയാക്കിയാണ് ഉത്സവനഗരിയിലേക്ക് എത്തിയത്. ജൂൺ 20-നുശേഷമാകും ഇനി വീടുകൾ തോറും മാലിന്യശേഖരണത്തിനായി സംഘം പോവുക. അതുവരെ ഉത്സവനഗരിയിലെ മുക്കിലും മൂലയിലുമുള്ള മാലിന്യം നീക്കംചെയ്യാൻ ഹരിതസേന ഉണ്ടാകും. വീടുകളിലെ മാലിന്യശേഖരം അതിവേഗം പൂർത്തിയാക്കിയശേഷം ഉത്സവനഗരിയിലെ മാലിന്യം തരംതിരിക്കുന്നത് ഉൾപ്പെടെയുള്ള ബാക്കിപ്രവൃത്തികൾ നടത്തുന്നതിനായി തിരികെ വരുകയും ചെയ്യും. ഉത്സവനഗരിയിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം വലിയ കുഴികുത്തി മൂടുകയാണ് ചെയ്യുക. അജൈവമാലിന്യം തരംതിരിച്ച് ക്ലീൻ കേരളയ്ക്കും നൽകും.

ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ഉത്സവനഗരിയിലെ മാലിന്യം വളരെ സന്തോഷത്തോടെയാണ് നീക്കംചെയ്യുന്നതെന്ന് ഹരിതകർമസേനാ കൺസോർഷ്യം സെക്രട്ടറി സിനു സന്തോഷ് പറഞ്ഞു.

Content Highlights: Thiruvonam Aradhana is the first of the four major rituals in the Vysakha Mahotsavam., Events include Ponnin Seeveli, Aradhana Sadya, Elaneervayppu, and Ashtami Aradhana., Temporary Sreekovil construction at Manithara is completed., Massive devotee turnout reported at Akkare Kottiyoor.