കൊട്ടിയൂരിലേക്ക് തീര്‍ഥാടക പ്രവാഹം; തിരുവോണം ആരാധന ഞായറാഴ്ച

അവധി ദിവസമായ ശനിയാഴ്ച അക്കരെ കൊട്ടിയൂരിലേക്ക് പോകാൻ ഇവടബാവലിപരിസരത്തുള്ള തിരക്ക്
അവധി ദിവസമായ ശനിയാഴ്ച അക്കരെ കൊട്ടിയൂരിലേക്ക് പോകാൻ ഇവടബാവലിപരിസരത്തുള്ള തിരക്ക്

കൊട്ടിയൂര്‍: വൈശാഖോത്സവത്തിന്റെ നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണം ആരാധന ഞായറാഴ്ച നടക്കും. സന്ധ്യയ്ക്ക് നടക്കുന്ന ആരാധനാപൂജയില്‍ പഞ്ചഗവ്യ അഭിഷേകം നടക്കും.

അഭിഷേകത്തിനുള്ള പഞ്ചഗവ്യം സന്ധ്യയ്ക്ക് അക്കരെ കൊട്ടിയൂരില്‍ എത്തിക്കും. ഉച്ചയ്ക്ക് പൊന്നിന്‍ ശീവേലിയും ആരാധനാസദ്യയും നടത്തും. ചൊവ്വാഴ്ചയാണ് ഇളന്നീര്‍വെപ്പ്.

അക്കരെ കൊട്ടിയൂരിലേക്ക് ശനിയാഴ്ചയും ആയിരങ്ങളാണ് എത്തിയത്. അവധി ദിനമായിരുന്നതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തരുടെ വലിയ പ്രവാഹം തന്നെയായിരുന്നു. പുലര്‍ച്ചെമുതല്‍ ദര്‍ശനത്തിനായി നീണ്ട നിര രൂപപ്പെട്ടിരുന്നു.

മണിക്കൂറുകള്‍ കാത്തുനിന്നാണ് ദര്‍ശനം നടത്താനായത്. ബാവലിപ്പുഴയില്‍ കുത്തൊഴുക്ക് വര്‍ധിച്ചതിനാല്‍ പാലത്തിലൂടെയാണ് ഭക്തരെ അക്കരെ സന്നിധിയിലേക്ക് കടത്തിവിട്ടത്.

പാര്‍ക്കിങ് ഗ്രൗണ്ടുകളിലും രാവിലെമുതല്‍ വാഹനങ്ങള്‍ നിറഞ്ഞു. പ്രധാന റോഡുകളിലും വലിയ തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. കൊട്ടിയൂരിലേക്കുള്ള എല്ലാ വഴികളിലും മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.സന്ധ്യയോടെയാണ് അക്കരെ സന്നിധിയിലെ തിരക്കിന് നേരിയ കുറവുണ്ടായത്. കാസര്‍കോട് എംപി രാജമോഹന്‍ ഉണ്ണിത്താനും സിനിമാനടി ശ്വേതാ മേനോനും അക്കരെ കൊട്ടിയൂരില്‍ ദര്‍ശനം നടത്തി.

Content Highlights: kottiyoor vysakha mahotsavam 2025