കലങ്ങളെത്തി; കൊട്ടിയൂരില്‍ ഇനി ഗൂഢപൂജകള്‍

കൊട്ടിയൂര്‍: അക്കരെ കൊട്ടിയൂരില്‍ ഇനി ഗൂഢപൂജയുടെ നാളുകള്‍. സ്ത്രീകളും വിശേഷവാദ്യങ്ങളും ആനകളും അക്കരെ കൊട്ടിയൂരില്‍നിന്ന് മടങ്ങി. തിങ്കളാഴ്ച ഉച്ചശീവേലിയോടെയാണ് അക്കരെ കൊട്ടിയൂരില്‍നിന്ന് സ്ത്രീകള്‍ പിന്‍വാങ്ങിയത്. ശീവേലിക്കുശേഷം ആനയൂട്ട് നടത്തി. തിരുവഞ്ചിറ വലംവെച്ച് പഴവും ചോറുരുളകളും സ്വീകരിച്ച് സ്വയംഭൂവിന് മുന്നില്‍ നമസ്കരിച്ച ആനകള്‍ പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനം വിട്ടു.
കലംപൂജകള്ക്ക് ആവശ്യമായ കലങ്ങള്‍ നല്ലൂരാന് സ്ഥാനികന്റെ നേതൃത്വത്തില്‍ മുഴക്കുന്നില്നിന്ന് തിങ്കളാഴ്ച വൈകിട്ടോടെ ഗണപതിപ്പുറത്ത് എത്തിച്ചു. രാത്രി കലങ്ങളുമായി സംഘം സന്നിധാനത്ത് പ്രവേശിച്ചു. തിരുവഞ്ചിറയില്‍ മൂന്നുതവണ വലംവെച്ച് കരിമ്പനയ്ക്കല്‍ ചാത്തോത്ത് കയ്യാലയിലെ പ്രത്യേക അറയില്‍ കലങ്ങള്‍ സമര്‍പ്പിച്ചു. മണിത്തറയില്‍ ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് സംഘാംഗങ്ങള്‍ മടങ്ങി. പൂജകള്‍ക്ക് കലങ്ങളെടുത്ത് നല്‍കാനായി നല്ലൂരാന് സ്ഥാനികന് മാത്രം ക്ഷേത്രത്തില്‍ തങ്ങി. രാത്രിതന്നെ ഗൂഢപൂജകള്‍ ആരംഭിച്ചു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും കലംപൂജകളാണ് നടക്കുക. വ്യാഴാഴ്ച ചതുശ്ശതങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശതം സമര്‍പ്പിക്കും. അന്നുതന്നെ വാളാട്ടവും കലശപൂജയും നടത്തും. വെള്ളിയാഴ്ച തൃക്കലശാട്ടോടെ ഈ വര്‍ഷത്തെ വൈശാഖോത്സവം സമാപിക്കും.
ഒഴുക്കില്‍പ്പെട്ട് മരിച്ച ഭക്തരുടെ ആശ്രിതര്‍ക്ക് സഹായധനം നല്കി
കൊട്ടിയൂര്‍: ബാവലി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ഭക്തരുടെ ആശ്രിതര്‍ക്ക് കൊട്ടിയൂര്‍ ദേവസ്വം സഹായധനം നല്കി. കോഴിക്കോട് അത്തോളി സ്വദേശി കെ.നിഷാന്ത്, കാഞ്ഞങ്ങാട് സ്വദേശി എം.വി.അഭിജിത്ത് എന്നിവരുടെ ആശ്രിതര്‍ക്കാണ് സഹായധനം നല്‍കിയത്. അക്കരെ കൊട്ടിയൂര്‍ ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങില്‍ റവന്യു ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ജി.രാജമാണിക്യം, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബിജു എന്നിവര്‍ ചേര്‍ന്നാണ് സഹായധനം കൈമാറിയത്. രണ്ടുലക്ഷം രൂപ വീതമാണ് പരേതരുടെ ആശ്രിതര്‍ക്ക് നല്‍കിയത്. മലബാര്‍ ദേവസ്വം കമ്മിഷണര്‍ ടി.സി.ബിജു അധ്യക്ഷനായി. ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിനും സഹായധനം നല്കാന് തീരുമാനിച്ചതായും ദേവസ്വം അറിയിച്ചു.
കെ.സി.വേണുഗോപാല്‍ ദര്‍ശനം നടത്തി
കൊട്ടിയൂര്‍: കെ.സി.വേണുഗോപാല്‍ അക്കരെ കൊട്ടിയൂരില്‍ ദര്‍ശനം നടത്തി. കൊട്ടിയൂര്‍ ദേവസ്വം ചെയര്മാന് തിട്ടയില്‍ നാരായണന് നായരുമായി കൂടിക്കാഴ്ച നടത്തി. കൊട്ടിയൂരിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂര്‍ ദേവസ്വം ട്രസ്റ്റി എന്‍.പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഗോകുല്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.
Content Highlights: Kottiyoor Vaishakholsavam 2025