പാമ്പാടിയിൽ വിദ്യാർഥിനികളുടെ അപകടമരണം; റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം

#ന്യൂസ് ഡെസ്ക്
കൃപ മെറിൻ കുര്യൻ, ആഷ്‌ലി ആൻ തോമസ്
കൃപ മെറിൻ കുര്യൻ, ആഷ്‌ലി ആൻ തോമസ്

കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടു പേർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ റോഡിലേക്കു കയറിനിന്നു സംസാരിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ആരാണെന്നറിയാൻ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസിൽ പ്രതി ചേർക്കണമോ എന്നതിൽ തീരുമാനമായിട്ടില്ല.

കാൽനടയാത്രക്കാർ കാരണം അപകടമുണ്ടായാൽ അശ്രദ്ധ മൂലമുണ്ടായ അപകടമെന്ന് ചൂണ്ടിക്കാട്ടി ബിഎൻഎസ് സെക്ഷൻ 125, 106 എന്നിവ പ്രകാരം കേസുകളെടുക്കാം. പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതിനും സുരക്ഷാഭീഷണി ഉയർത്തുന്നതും ചൂണ്ടിക്കാട്ടി പോലീസിന് കേസെടുക്കാനാകും. അതേസമയം റോഡിൽ നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെയാണ് എംവിഡിക്ക് കേസ് എടുക്കാൻ കഴിയുക.

സ്വകാര്യ ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു ബസും ഇതേ റൂട്ടിൽ വന്നിരുന്നു. ബസുകൾ തമ്മിൽ മത്സരയോട്ടം നടന്നോ എന്ന കാര്യവും അന്വേഷണവിധേയമാണ്. മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് ബസ് ഡ്രൈവർക്ക് എതിരെ എടുത്തിട്ടുള്ളത്.

കോട്ടയം-കുമളി ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ് സ്‌കൂട്ടർ നിയന്ത്രണംവിട്ട് സ്വകാര്യ ബസിനടിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടമുണ്ടായത്. പാമ്പാടി കടവുംഭാഗം ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ മെറിൻ കുര്യാക്കോസ് ഉറ്റ സുഹൃത്തായ മീനടം വട്ടക്കാവുങ്കൽ വി.വി. തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്.

Content Highlights: Two female students died in a scooter accident involving a private bus in Pampady, Kottayam., Bus driver booked for culpable homicide not amounting to murder under BNS., Investigation is underway against two pedestrians whose road obstruction contributed to the crash., Police are probing potential reckless driving and illegal racing between private buses.