കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി, നിമിഷങ്ങൾക്കകം ബസ് കത്തിയെരിഞ്ഞു

കോതമംഗലം: കോതമംഗലം - മൂന്നാർ റോഡിൽ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്.
ഞായറാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ബസിനുള്ളിൽ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചു. ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി. ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ തീ ബസിനുള്ളിലേക്ക് ആളിപ്പടർന്നു.
തീ ആളി പടർന്നതിനെത്തുടർന്ന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെത്തിയവരും ചേർന്നാണ് പ്രാഥമികമായി രക്ഷാപ്രവർത്തനം നടത്തിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽ ആളപായമില്ല.