വികസന സ്വപ്നങ്ങൾ പങ്കുവെച്ച് വിദേശരാജ്യങ്ങളിലെ ‘നാട്ടുകാർ’; ചരിത്രം തിരുത്തി കൊല്ലം തേവലക്കരയിൽ ഓൺലൈൻ ഗ്രാമസഭ

കൊല്ലം: അമേരിക്ക, കാനഡ, യു.കെ., ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവരും പഠിക്കുന്നവരുമായ തേവലക്കര പഞ്ചായത്തിലെ കോയിവിള 17-ാംവാർഡ് സ്വദേശികൾ തങ്ങളുടെ നാടിന്റെ വികസനസ്വപ്നങ്ങൾ ഓൺലൈനായി പങ്കുെവച്ചു. കോയിവിള 17-ാംവാർഡിലാണ് ജില്ലയിലെ ആദ്യ ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ചത്. നാട്ടിലുള്ളവർക്ക് നാടിന്റെ വികസനസ്വപ്നങ്ങൾ പറയാമെന്നതുപോലെ പ്രവാസികളും വിദേശപഠനം നടത്തുന്നവരുമെല്ലാം ഗ്രാമസഭയിൽ പങ്കെടുത്തു. തുടർപ്രവർത്തനങ്ങൾ അടുത്ത യോഗത്തിൽ അറിയിക്കും. കൂടുതൽ നിർദേശങ്ങളും പങ്കുവയ്ക്കാം.
വാർഡ് അംഗവും തേവലക്കര പഞ്ചായത്ത് സ്ഥിരംസമിതി അംഗവുമായ പാലയ്ക്കൽ ഗോപനാണ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവാസികൾക്കും ഗ്രാമസഭയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കിയത്. ഓൺലൈൻ ഗ്രാമസഭയ്ക്ക് മുഖ്യമന്ത്രിയുടെ ആശംസാസന്ദേശം കൂടുതൽ മിഴിവേകി. ജനാധിപത്യത്തിന്റെ അടിത്തറയും പ്രാദേശികവികസനത്തിന്റെ പ്രധാന വേദികളുമാണ് ഗ്രാമസഭകളെന്നും ഇത്തരത്തിൽ ഒാൺലൈൻ ഗ്രാമസഭകൾ പ്രവാസികളെ സ്വന്തം നാട് ചേർത്തുനിർത്തുന്നെന്ന തോന്നലുണ്ടാക്കുമെന്നും ആശംസാസന്ദേശത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
മന്ത്രി ഷിബു ബേബി ജോൺ തന്റെ ഓഫീസിലിരുന്ന്, ഗ്രാമസഭ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽ, വൈസ് പ്രസിഡന്റ് ഷേർളി ജേക്കബ്, ബ്ലോക്ക് അംഗം റിയാസ് ഖാൻ, സി.ഡി.എസ്.അംഗം താബിറ നുജു, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Content Highlights: Koivila 17th Ward of Thevalakkara Panchayath in Kollam hosted the district's first online Grama Sabha, connecting non-resident Malayalis across the UK, US, Canada, and the Gulf, with CM VD Satheesan extending greetings.