ശൂരനാട് പ്ലസ്ടു വിദ്യാർഥിയുടെ ആത്മഹത്യ; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം, അധികൃതർക്കെതിരേ ഗുരുതര ആരോപണം

#സ്വന്തം ലേഖകൻ
നിരഞ്ജൻ
നിരഞ്ജൻ

കൊല്ലം: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ നിരഞ്ജന്റെ (17) മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബവും രംഗത്തുവന്നിരുന്നു.

കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നിരഞ്ജനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളെ ഓഫീസിൽ വിളിച്ചുവരുത്തിയതും മരണത്തിന് കാരണമായെന്ന് വീട്ടുകാർ ആരോപിക്കുന്നു.

സംഭവങ്ങൾ കുട്ടിയിൽ മനോവിഷമമുണ്ടാക്കിയിരുന്നതായും വീട്ടുകാർ പറയുന്നു. 23-ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. അതിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾവരെ വാങ്ങി നൽകിയിരുന്നതായും സന്തോഷവാനായിരുന്നെന്നും വീട്ടുകാർ പറയുന്നു. ആത്മഹത്യ ചെയ്യത്തക്ക മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സന്തോഷിന്റെയും രാജിയുടെയും മകനാണ് നിരഞ്ജൻ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Plus-two student Niranjan found dead at his home in Sooranad, Kollam., Students stage intense protests at Sooranad Govt Higher Secondary School.