ഫിറ്റ്നെസ് ഉണ്ടോ? വ്യക്തമായ മറുപടി പറയാതെ മലക്കം മറിഞ്ഞ് തഹസിൽദാർ

#കണ്ണൻ നായർ/മാതൃഭൂമി ന്യൂസ്
മിഥുൻ, സ്കൂൾ കെട്ടിടം
മിഥുൻ, സ്കൂൾ കെട്ടിടം

കൊല്ലം: തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കെട്ടിടത്തിന് ഫിറ്റ്നെസ് ഉണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ ശാസ്താംകോട്ട തഹസിൽദാർ ഇനിയും തയാറായിട്ടില്ല. അപകടം സംഭവിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പരിശോധിക്കട്ടെയെന്നല്ലാതെ വ്യക്തമായ മറുപടി നൽകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

ഒരു കെട്ടിടത്തിന് ഫിറ്റ്നെസ് ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് തഹസിൽദാർക്ക് അധികം സമയത്തിന്റെ ആവശ്യമില്ല. എന്നിട്ടും ഇതിൽ പരിശോധന വൈകുന്നതെന്തുകൊണ്ടാണെന്നാണ് ചോദ്യം ഉയരുന്നത്. ലോ ആൻഡ് ഓർഡർ വിഷയം നിലിനിൽക്കുന്നതിനാലാണ് താൻ സ്ഥലത്തെത്തിയതെന്നും ഫിറ്റ്നെസ് ഉണ്ടോയെന്ന് പരിശോധിക്കാൻ തന്നെയാരും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് തഹസിൽദാർ പ്രതികരിച്ചത്.  പ്രാഥമികമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബാക്കി മറ്റുള്ള ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരാണ് നൽകേണ്ടതെന്നും തഹസിൽദാർ പറയുന്നു.

എംഎൽഎയുടെ വീട്ടിൽ നിന്നും കേവലം രണ്ടു കിലോമീറ്റർ മാത്രമാണ് സ്കൂളിലേക്കുള്ളതെന്നും എന്നിട്ടും ഇതുവരെ എംഎൽഎ എത്തിയിട്ടില്ലെന്നും വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും എന്തെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തമായ മറുപടികൾ അധികൃതരുടെ ഭാ​ഗത്തുനിന്നും ലഭിച്ചിട്ടില്ല.

Content Highlights: Kollam school incident sparks outrage as Tahsildar delays response about fitness certificate