സ്ഥലംമാറ്റ വിവാദം; കൊല്ലം വനംവകുപ്പ് ഓഫീസിൽ എൻ.ജി.ഒ. യൂണിയന്റെ ഉപരോധം

#സ്വന്തം ലേഖകൻ

കൊല്ലം: സ്ഥലംമാറ്റ ഉത്തരവിനേച്ചൊല്ലിയുള്ള പ്രതിഷേധത്തെത്തുടർന്ന് കൊല്ലം വനംവകുപ്പ് ഓഫീസിൽ എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ ഉപരോധസമരം. സ്ഥലംമാറിയെത്തിയ ഉദ്യോഗസ്ഥനെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് യൂണിയൻ അറിയിച്ചു.

എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയും വനംവകുപ്പ് ജൂനിയർ സൂപ്രണ്ടുമായ വി.ആർ. സജുവിനെ തെന്മല ശെന്തുരിണിയിലേക്ക് സ്ഥലംമാറ്റിയ നടപടിയാണ് വിവാദമായത്. സ്ഥലംമാറ്റം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് യൂണിയന്റെ ആരോപണം.

പകരം നിയമിതനായ ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാവുമായ സജു ബി. നെറ്റോയെ കൊല്ലം വനശ്രീ കോംപ്ലക്‌സ് ഓഫീസിൽ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്നാണ് എൻ.ജി.ഒ. യൂണിയന്റെ നിലപാട്. ഉപരോധത്തെത്തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് ഓഫീസിൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചു.