നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് ബസ് നിന്നു, ഡ്രൈവർ ഇറങ്ങിയോടി; കൊച്ചിയെ കുരുക്കിലാക്കി ‘മന്നാടിയാർ’

കൊച്ചി: നഗരത്തിനും പോലീസിനും തലവേദന നൽകി സ്വകാര്യബസ്. എറണാകുളം നോർത്ത് പാലത്തിനു മുകളിലെത്തിയപ്പോൾ ഡീസൽതീർന്ന് ബസ് നിന്നുപോയി. ഇതേത്തുടർന്ന് രണ്ടുമണിക്കൂറോളമാണ് നഗരം കുരുങ്ങിയത്. ഡ്രൈവർ പേടിച്ച് ഇറങ്ങിഓടിയതോടെ ട്രാഫിക് പോലീസുകാർ പണിപ്പെട്ടാണ് ബസ് പാലത്തിൽ നിന്നിറക്കിയത്.
കൊച്ചി നഗരത്തിൽ ഏറ്റവും തിരക്കേറിയ തിങ്കളാഴ്ച രാവിലെ ഒൻപതേകാലോടെയായിരുന്നു സംഭവം. വൈറ്റില ഹബ്ബ്, ഇടപ്പള്ളി ലുലുമാൾ, ഹൈക്കോടതി ജങ്ഷൻ, തൃപ്പൂണിത്തുറ സ്റ്റാൻഡ് റൂട്ടിൽ സർവീസ് നടത്തുന്ന 'മന്നാടിയാർ' ബസായിരുന്നു വില്ലൻ. കലൂർ ഭാഗത്തുനിന്ന് ഹൈക്കോടതി ജങ്ഷനിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം നോർത്ത് പാലത്തിനുമുകളിൽ ബസ് നിന്നുപോയി. ഡ്രൈവർ നൗഷാദ് എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ടായില്ല, ഡീസൽ തീർന്നതാണെന്ന് പിന്നീടാണ് മനസ്സിലായത്. ഇതോടെ ഡ്രൈവർ പേടിച്ച് ഇറങ്ങി ഓടിപ്പോയി.
നിമിഷങ്ങൾകൊണ്ട് കലൂർ, ലിസി ജങ്ഷൻ, മണപ്പാട്ടിപ്പറമ്പ് റോഡ്, പാവക്കുളം റോഡ് എന്നിവിടങ്ങളെല്ലാം ഗതാഗതക്കുരുക്കിലായി. നോർത്ത് പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് മാത്രമേ മന്നാടിയാർ ബസിനെ മറികടന്ന് പോകാനായുള്ളു. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ട്രാഫിക് പോലീസുകാർ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ, നോർത്തിൽനിന്നും ലിസി ജങ്ഷനിലേക്കുള്ള പാലത്തിലൂടെ വഴിതിരിച്ചുവിട്ടു. ഇതോടെ ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ നിറഞ്ഞ് പാലത്തിന് പുറമേ പരമാരക്ഷേത്രം, കച്ചേരിപ്പടി എന്നിവിടങ്ങളിലും കുരുങ്ങി.സ്ഥലത്തെത്തിയ കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എ.സി.പി. ആർ. അശോകനും മറ്റുപോലീസുകാരും ചേർന്ന് ബസ് പാലത്തിൽ നിന്നിറക്കാൻ ശ്രമം തുടങ്ങി. മറ്റൊരു ഡ്രൈവറെ കയറ്റിയെങ്കിലും ബസ് അനക്കാൻ കഴിഞ്ഞില്ല, മൂന്നാമതൊരു ഡ്രൈവറെ എത്തിച്ചാണ് പിന്നിലേക്ക് എടുത്തത്. ഇതിനിടെ ബസിന്റെ ബ്രേക്കും പ്രവർത്തിക്കാതായി. നിയന്ത്രണംവിട്ട് ബസ് പുറകോട്ട് പോയെങ്കിലും, പോലീസുകാർചേർന്ന് ബസിനുപിന്നിൽ നിന്നും തള്ളിപ്പിടിച്ചാണ് സാവധാനത്തിൽ ഇറക്കിയത്.
പാലത്തിന് താഴെയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സ്ലീപ്പർ ബസ് പിന്നിലേക്കെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മുന്നിലേക്കെടുത്തതും പ്രശ്‌നമായി. ഭാഗ്യംകൊണ്ടാണ് രണ്ടുബസുകളും തമ്മിലുള്ള കൂട്ടിമുട്ടൽ ഒഴിവായത്. എ.സി.പി. ആർ. അശോകനും പോലീസ് സംഘവും ചേർന്ന് തള്ളിയാണ് ബസ് റോഡിന്റെ ഒരുവശത്തേക്ക് ഒതുക്കിയിട്ടത്. 'ബസിന്റെ ഡ്രൈവർ ഓടിപ്പോയതാണ് പ്രശ്‌നമായത്, ഇല്ലെങ്കിൽ അഞ്ചുമിനിറ്റുകൊണ്ട് വണ്ടി ഒതുക്കി ഇടാമായിരുന്നു. ബ്രേക്ക് പ്രവർത്തിക്കാത്ത ബസ് പിന്നിലേക്കിറക്കുമ്പോൾ അപകടമൊഴിവായതും ഭാഗ്യം കൊണ്ടാണ്' എ.സി.പി. ആർ. അശോകൻ പറഞ്ഞു.
ബസ് മാറ്റിയെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവായത് രാവിലെ 11 മണിയോടെയാണ്. ട്രാഫിക് പോലീസ് അറിയിച്ചതനുസരിച്ച് എറണാകുളം നോർത്ത് പോലീസ് 'മന്നാടിയാർ' ബസ് കസ്റ്റഡിയിലെടുത്തു.
ഡ്രൈവർ പി.എസ്. നൗഷാദിനെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്കു ശേഷം ബസ് കോടതിയിൽ ഹാജരാക്കും.
Content Highlights: Private bus 'Mannadiyar' stalled on North Bridge due to lack of fuel., Driver abandoned the vehicle, causing a 2-hour gridlock in Kochi city., Traffic police manually pushed the bus to clear the bridge., Kochi North Police arrested the bus driver, P.S. Naushad., The bus has been taken into police custody for legal proceedings.