'ദൈവത്തിന്റെ കയ്യൊപ്പ്'; സാഹസിക രക്ഷാപ്രവർത്തനത്തിൽ ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

വി.ഡി. സതീശൻ, ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
വി.ഡി. സതീശൻ, ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

കൊച്ചി: ഉദയംപേരൂരിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് നടുറോഡിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിൽ, മൊബൈൽ ഫോൺ വെളിച്ചത്തിൽ നടത്തിയ ഈ സാഹസികമായ ഇടപെടൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതം തോന്നിയെന്ന് പറഞ്ഞ വി.ഡി. സതീശൻ, ഡോക്ടർമാരെ നേരിൽ വിളിച്ച് തന്റെ സന്തോഷവും നന്ദിയും അറിയിച്ചു. "ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരിക എന്നത് മഹത്തായ കാര്യമാണ്. പ്രിയപ്പെട്ടവരെ, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക?" എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സമൂഹത്തിന് വലിയൊരു മാതൃകയാണ് ഈ ഡോക്ടർമാർ നൽകിയതെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ നാട്ടുകാരും പോലീസും നൽകിയ സഹായം എടുത്തുപറയേണ്ടതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയാ തോമസ് എന്നിവർ പള്ളിയിലേക്ക് പോകുന്ന വഴിക്കാണ് ഉദയംപേരൂരിൽ വെച്ചാണ് അപകടം കാണുന്നത്. റോഡിൽ രക്തം വാർന്ന് കിടന്നവരിൽ ഒരാളുടെ നില അതീവ ഗുരുതരമായിരുന്നു. ഈ സമയം കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി. മനൂപും സ്ഥലത്തുണ്ടായിരുന്നു.

ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ, അടിയന്തര നടപടി ആവശ്യമാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ നടുറോഡിൽ വെച്ച് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. വെറും നാല് മിനിറ്റ് കൊണ്ട് നടത്തിയ ഈ ഇടപെടലിലൂടെ ആ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർ ഉറപ്പാക്കി.

Content Highlights: Opposition Leader VD Satheesan praises doctors for a daring roadside surgery in Kochi, calling it a life-saving act akin to `God`s signature`.