എഞ്ചിനിൽനിന്ന് അസാധാരണ ശബ്ദം, പരിശോധിക്കാതെ മുന്നോട്ട്, പിന്നാലെ അപകടം; 38 പേര്‍ക്ക് പേർക്ക് പരിക്ക്

വള്ളുവള്ളി അത്താണിയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് | Arranged
വള്ളുവള്ളി അത്താണിയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് | Arranged

കൊച്ചി: എറണാകുളം വള്ളുവള്ളി അത്താണിയിൽ സ്വകാര്യബസ് മരത്തിലിടിച്ചു. അപകടത്തിൽ 38 പേര്‍ക്ക് പേർക്ക് പരിക്ക്. ​ഗുരുവായൂരിൽനിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പല യാത്രക്കാരും ഉറക്കത്തിലുമായിരുന്നു.

​ഗുരുവായൂരിൽനിന്ന് പറവൂർ വഴി വൈറ്റിലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിന് ഏതാണ്ട് അര കിലോമീറ്റർ മുമ്പ് എ‍ഞ്ചിന്റെ ഭാ​ഗത്തുനിന്ന് എന്തോ ശബ്ദം കേട്ടിരുന്നതായി ഡ്രൈവർ രക്ഷാപ്രവർത്തകരോട് പറഞ്ഞു. ബസ് നിർത്തി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും എറണാകുളത്തെത്തിയശേഷം നോക്കാമെന്ന് കണ്ടക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാത്ര തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. 

ഡ്രൈവർക്ക് പുറത്തിറങ്ങാനാവുന്നുണ്ടായിരുന്നില്ലെന്നും യാത്രക്കാർക്കുവേണ്ടിയുള്ള ഡോറും ജാമായി കിടക്കുകയായിരുന്നുവെന്നും സമീപവാസി പ്രതികരിച്ചു. ഏറെ പണിപ്പെട്ടാണ് കണ്ടക്ടർ ആ ഡോർ തുറന്നത്. യാത്രക്കാരിൽ പലർക്കും ശരിയായി പുറത്തിറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. മിക്കവരുടേയും കാലൊടിഞ്ഞിരുന്നു. ഡ്രൈവറെ രക്ഷപ്പെടുത്താൻ  ​ഗ്രില്ലിലൂടെ അതിനകത്തേക്ക് കയറി. സ്റ്റിയറിങ് യൂണിറ്റ് മൊത്തം ഡ്രൈവറുടെ കാലിലേക്ക് ഇരുന്നുപോയിരുന്നു. എന്നാൽ അയാളുടെ ബോധം പോയിരുന്നില്ല. വാഹനം വളച്ചപ്പോൾ സ്റ്റിയറിങ് തിരിഞ്ഞെങ്കിലും ബസ് തിരിഞ്ഞില്ല എന്നാണ് ഡ്രൈവർ പറഞ്ഞതെന്നും സമീപവാസി കൂട്ടിച്ചേർത്തു. 

എറണാകുളം, ഇടപ്പള്ളി, പറവൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. വാഹനം വലതുഭാ​ഗത്തേക്കാണ് ഇടിച്ചുകയറിയതെങ്കിലും ഈ സമയത്ത് ഇവിടെ മറ്റുവാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

Content Highlights: A private bus crashed into a tree in Kochi, injuring over 30 passengers