ബെഹ്റ ഒഡിഷയിലേക്ക് പോകുന്നു; അവധിയില്‍ അല്ലെന്ന് കെ.എം.ആര്‍.എല്‍

കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കൊച്ചി മെട്രോ എം.ഡിയും മുന്‍ ഡി.ജി.പിയുമായ ലോക്‌നാഥ് ബെഹ്റ അവധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി കെ.എം.ആര്‍.എല്‍. ബെഹ്റ ഓഫീസില്‍ ഉണ്ടെന്നും അദ്ദേഹം അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി.
അതേസമയം ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ കട്ടക്കില്‍ നടക്കുന്ന ഒഡിഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ അഭിമുഖ പാനലിലേക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിന് പോവുകയാണെന്നും കെ.എം.ആര്‍.എല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ജെ. എല്‍. എന്‍. സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുന്‍പില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്‌റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ അഭിനന്ദിക്കുന്ന ബഹ്റയുടെ ചിത്രവും കെ.എം.ആര്‍.എല്‍ പങ്കുവെച്ചു ച്ചിട്ടുണ്ട്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്ന് നടന്ന ചടങ്ങില്‍ ബെഹ്റ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ് ചിത്രം.
കോടികള്‍ തട്ടിയ മോണ്‍സന്‍ മാവുങ്കലിന് ബെഹ്റ അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന ആരോപണം ഉയർന്നതോടെ ലോക്‌നാഥ് ബെഹ്‌റ മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ലെന്നും അവധിയിലാണെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയിരുന്ന വിവരം. എന്നാല്‍ വൈകുന്നേരത്തോടെ ഇത് തിരുത്തിയാണ് കെ.എം.ആര്‍.എല്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.
ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ 'ബീറ്റ് ബുക്ക്' മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. എന്നാല്‍ ഇതിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
Content Highlights: