KMMLനിലവറകളിലുള്ളത് അപൂർവ മൂലകങ്ങൾ അടങ്ങിയ ശതകോടികളുടെ ധാതുക്കൾ,വേർതിരിച്ചാൽ ചൈനയുടെ കുത്തക തകർക്കാം

#രതീഷ് രവി
ചവറ കെഎംഎംഎൽ
ചവറ കെഎംഎംഎൽ

കൊല്ലം: ചവറ കെ.എം.എം.എല്ലിൽ (കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ്‌ ലിമിറ്റഡ്) ഉപയോഗശേഷം സൂക്ഷിക്കുന്നത് അപൂർവ മൂലകങ്ങൾ അടങ്ങിയ ഒന്നേകാൽലക്ഷം ടൺ കരിമണൽ. ഇൽമനൈറ്റ്, റൂട്ടൈൽ, സിർകോൺ എന്നിവ വേർതിരിച്ചെടുത്തശേഷം കെ.എം.എം.എൽ. മിനറൽ സെപ്പറേഷൻ യൂണിറ്റിനോട്‌ ചേർന്ന് കോൺക്രീറ്റ് നിലവറകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. 25 ശതമാനം മോണോസൈറ്റ് അടങ്ങിയ അപൂർവ ധാതുക്കളുടെ കലവറയാണിത്. വേർതിരിച്ചെടുത്താൽ ശതകോടികൾ മൂല്യമുള്ള ധാതുക്കൾ വർഷങ്ങളായി ഈ നിലവറകളിൽ സൂക്ഷിക്കുകയാണ്. ഖനനത്തിനോ സംസ്കരണത്തിനോ കെ.എം.എം.എല്ലിന് അനുമതിയില്ലാത്തതാണ് കാരണം. 1980 മുതൽ ശേഖരിച്ചിരിക്കുന്ന ഈ മണലിൽ(മോണോസൈറ്റ് ടെയ്‌ലിങ്സ്)നിന്ന് റേഡിയോ ആക്ടീവായ മോണോസൈറ്റും തോറിയവും മറ്റും വേർതിരിച്ചെടുക്കാനാകും.

കെ.എം.എം.എല്ലിൽ ഒരുവർഷം 60,000 ടൺ ഇൽമനൈറ്റ് വേർതിരിക്കുന്നുണ്ട്. ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് നിർമാണത്തിനുള്ള പ്രധാന അസംസ്കൃതവസ്തുക്കളാണ്. കൂടാതെ ബഹിരാകാശ, പ്രതിരോധ മേഖലകളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം സ്പോഞ്ച് നിർമാണത്തിനും ഇവ വേണം. ഇതിനു പുറമേ സിലിമനൈറ്റ്, സിർക്കോൺ എന്നീ മൂലകങ്ങളും വേർതിരിച്ചെടുക്കുന്നുണ്ട്. അവശേഷിക്കുന്ന മണലിൽ അപൂർവ ധാതുവായ മോണാസൈറ്റും തോറിയം, ലന്താനം തുടങ്ങിയ അപൂർവ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ, കേന്ദ്ര ബജറ്റിൽ പറയുന്ന, ‘അപൂർവ ധാതു ഇടനാഴി’ സഹായകമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൊല്ലം നീണ്ടകരമുതൽ ആലപ്പുഴ തോട്ടപ്പള്ളിവരെയുള്ള തീരപ്രദേശങ്ങളിൽ മൂന്നേകാൽക്കോടി ടൺ കരിമണൽ നിക്ഷേപമുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.

വിഴിഞ്ഞം തുറമുഖത്തുനിന്ന്‌ ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കാൻ സംസ്ഥാന ബജറ്റിൽ നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ചവറ കെ.എം.എം.എല്ലിനോട് ചേർന്ന് സ്ഥാപിക്കാൻ 100 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചാലേ ഇത് പൂർണമാകുകയുള്ളൂ. ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, പ്രതിരോധം, ഹരിത ഊർജം എന്നീ മേഖലകളിൽ അത്യാവശ്യമായ ഈ ധാതുക്കൾ വേർതിരിച്ചെടുക്കാനായാൽ മേഖലയിലെ ചൈനയുടെ കുത്തക തകർക്കാനാകുമെന്നാണ് പ്രതീക്ഷ.

Content Highlights: Discover the valuable rare earth minerals stored at KMML Kollam. Explore potential extraction and its economic impact.