'മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ ആഡംബര കാർ?'; കെ.എം ഷാജിയുടെ ഔദ്യോഗിക വാഹനത്തിൽ വിവാദം

കോഴിക്കോട്: തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തെ ചൊല്ലി വിവാദം. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കാതെ, പകരം സ്വകാര്യ വ്യക്തിയുടെ റെയ്ഞ്ച് റോവർ കാറാണ് അദ്ദേഹം ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. കോടികൾ വിലയുള്ള ആഡംബര വാഹനമാണ് ഷാജി ഉപയോഗിക്കുന്നത് എന്ന വിമർശനം ഉയർന്നതിന് പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
തനിക്ക് ലഭിച്ച ഇന്നോവ ക്രിസ്റ്റ നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര സഞ്ചാരത്തിന് അത് യോഗ്യമല്ലെന്നുമാണ് ഷാജി പറഞ്ഞത്. താൻ ഉപയോഗിക്കുന്നത് സുഹൃത്തിന്റെ കാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ വിവാദം രൂക്ഷമായി. സുഹൃത്തിന് വഴിവിട്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനാണോ കാർ തന്നത് എന്ന് പലരും സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെ ചോദിച്ചു.
തവനൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.ടി. ജലീലും ഷാജിക്കെതിരെ രംഗത്തെത്തി. ദീർഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മന്ത്രിയെ വിമർശിച്ചത്. ഇന്നോവ ക്രിസ്റ്റയിൽ ചെല്ലുമ്പോൾ വേങ്ങര മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയം കൊണ്ടാണോ ആഡംബര കാറിലെ യാത്രയെന്ന് ജലീൽ ചോദിച്ചു. ആഡംബരങ്ങൾക്കെതിരെ പ്രസംഗിക്കുന്ന ഷാജിതന്നെ ആഡംബര കാറിൽ യാത്രചെയ്ത് നാട്ടുകാരോട് ആർഭാടം ഉപേക്ഷിക്കണമെന്ന് ഉപദേശിച്ചാൽ ആളുകൾ എങ്ങനെ വിലയിരുത്തുമെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയോ ടൂറിസം മന്ത്രിയോ ഇടപെട്ട് അധികം പഴക്കമില്ലാത്ത ഇന്നോവ ക്രിസ്റ്റ കാർ ഷാജിക്ക് സംഘടിപ്പിച്ച് കൊടുക്കണം. സതീശൻ സർക്കാരിലെ മന്ത്രിക്ക് കാറ് വായ്പ്പ വാങ്ങി നടക്കേണ്ടിവരുന്നു എന്നത് നാണക്കേടാണ്. അത് സത്യപ്രതിജ്ഞാലംഘനവുമാണ്. കാറ് നൽകിയ സുഹൃത്തിനോട് സ്വാഭാവികമായും ഷാജിക്ക് മമത ഉണ്ടാകും. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞ വാക്കുകൾക്ക് വിരുദ്ധമാകില്ലേ അത്?, കെ.ടി. ജലീൽ ചോദിച്ചു.
'നിങ്ങൾ പ്രവർത്തിക്കാത്തതാണോ മറ്റുള്ളവരോട് ചെയ്യാൻ നിങ്ങൾ കൽപ്പിക്കുന്നത്? അതിനേക്കാൾ വലിയ പാപം മറ്റൊന്നില്ല' എന്ന ഖുർആൻ വചനം ഓർമിപ്പിച്ചുകൊണ്ടാണ് ജലീൽ പോസ്റ്റ് അവസാനിപ്പിച്ചത്. ഷാജിയും ഷംസുദ്ദീനും മന്ത്രിയായപ്പോൾ താൻ അവരെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്നും എന്നാൽ, താൻ മന്ത്രിയായപ്പോൾ അവരാരും അഭിനന്ദിച്ചില്ലെന്ന പരിഭവവും ജലീൽ പോസ്റ്റിൽ പങ്കുവെച്ചു.
കെ.ടി. ജലീലിന്റെ പോസ്റ്റ്
മന്ത്രി ഷാജിയും റൈഞ്ച് റോവർ കാറും.
തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി എന്റെ പഴയ സഹപ്രവർത്തകനാണ്. ഡോ. എം.കെ. മുനീർ പ്രസിഡന്റും, ഈയുള്ളവൻ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ ട്രഷറർ ഷാജിയായിരുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അന്ന് മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും സ്റ്റേറ്റ് യൂത്ത്‌ലീഗ് വർക്കിങ് കമ്മിറ്റി മെമ്പറുമാണ്. യുവജന രാഷ്ട്രീയത്തിൽ ഞങ്ങൾ ഒരേ സംസ്‌കാരത്തിലും കളരിയിലും വളർന്നവരാണ്. ഞങ്ങളുടെ കമ്മിറ്റിയാണ് 24 വർഷങ്ങൾക്ക് മുമ്പ് മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം എറണാങ്കുളത്ത് മറൈൻ ഡ്രൈവിൽ വെച്ച് നടത്തി ലീഗ് രാഷ്ട്രീയത്തിൽ പുതുചരിതം കുറിച്ചത്.
ഈ മന്ത്രിസഭ വന്നപ്പോൾ ഷാജിയേയും ഷംസുവിനെയും അഭിനന്ദിച്ച് മുഖപുസ്തകത്തിൽ ഞാനൊരു കുറിപ്പിട്ടത് വായനക്കാർ മറന്നുകാണില്ല. അവരുടെ ഒരു സഹപ്രവർത്തകനായ ഈ വിനീതൻ മന്ത്രിയായപ്പോൾ അവരാരും അഭിനന്ദിച്ചു കൊണ്ട് ഒരു പ്രതികരണവും നടത്തിയില്ലെന്ന കാര്യവും നാട്ടുകാർ ഓർക്കുന്നുണ്ടാകും. മന്ത്രി ഷാജി നടത്തിയ ഒരു പ്രതികരണമാണ് ഇന്നത്തെ ഈ കുറിപ്പിന്റെ ആധാരം:
'മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിനു കിട്ടിയ ഇന്നോവ ക്രിസ്റ്റ കാർ നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണ്. തിരുവനന്തപുരത്തു നിന്ന് ദീർഘദൂരം ഓടൻമാത്രം പ്രസ്തുത വാഹനം സഞ്ചാരയോഗ്യമല്ല. അതുകൊണ്ടാണ് തന്റെ സുഹൃത്തിന്റെ വിലപിടിപ്പുള്ള 'റെയ്ഞ്ചറോവർ കാർ' വാടക വാങ്ങാതെ ഓടാൻ വാങ്ങിയത്. കുറഞ്ഞ മൈലേജ് മാത്രമുള്ള പ്രസ്തുത വാഹനം നഷ്ടം സഹിച്ചാണ് ഓടിക്കുന്നത്'.
ഈ പ്രസ്താവന വളരെ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും ഇടപെട്ട് അധികം പഴക്കമില്ലാത്ത മറ്റുമന്ത്രിമാർ ഉപയോഗിക്കുന്ന സർക്കാരിന്റെ ഒരു ഇന്നോവ ക്രിസ്റ്റകാർ മന്ത്രി ഷാജിക്ക് സംഘടിപ്പിച്ച് കൊടുക്കണം. കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്. അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്. തനിക്ക് കാറ് നൽകിയ സുഹൃത്തിനോട് പ്രത്യേക മമത, മനുഷ്യനാണെങ്കിൽ സ്വാഭാവികമായും ഉണ്ടാകും. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞ വാക്കുകൾക്ക് വിരുദ്ധമാകില്ലേ അത്?
കോൺഗ്രസ്-ലീഗ് മന്ത്രിമാർക്ക് പത്രമാദ്ധ്യമങ്ങൾ നൽകുന്ന വാനോളം വലിയ 'പ്രിവിലേജും' അനുകമ്പയും ഇല്ലായിരുന്നെങ്കിൽ കാറിന്റെ ഉടമയുടെ എല്ലാ കാര്യങ്ങളും ഇതിനകം പുറത്തു വന്നേനെ. ഞാൻ മന്ത്രിയായിരിക്കെ ഇ.ഡി ഓഫീസിലേക്ക് ഔദ്യോഗിക കാറിൽ പോകുന്നതിനു പകരം ഒരു സ്വകാര്യ കാറിൽ പോയതിന് എന്തൊക്കെ പുകിൽ നടന്ന നാടാണിത്. 'വിവാദവ്യവസായി' യുടെ വീടിന് മുന്നിൽ ബി.ജെ.പി ധർണയും അത് എല്ലാ ചാനലുകളും തൽസമയം സംപ്രേക്ഷണം ചെയ്ത അപൂർവ്വ സംഭവവും കണ്ട് തരിച്ചിരുന്ന സംസ്ഥാനമാണ് കേരളം. മന്ത്രി ഷാജി ഉപയോഗിക്കുന്ന വണ്ടിയുടെ ആർ.സി ഓണർ ആരാണെന്നോ അദ്ദേഹത്തിന്റെ സാമ്പത്തിക സോഴ്‌സിന്റെ ഉറവിടം എന്താണെന്നോ അയാളുടെ നാട്ടിലെ സ്വത്തുവഹകൾ എന്തൊക്കെയാണൊന്നോ ഒന്നും ആരും അന്വേഷിച്ചു പോയതായി കേട്ടില്ല.
അടുത്ത സുഹൃത്തിന്റെ വാഹനം സൗജന്യമായി കിട്ടി എന്നു തന്നെ കരുതിയാലും, ആ വാഹനത്തിൽ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ ഘടിപ്പിക്കേണ്ട മുദ്രകളും ഉപകരണങ്ങളും സംവിധാനിച്ച് ഓടുന്നത് ധാർമ്മികമായി ഒട്ടും ശരിയല്ല. മറ്റു മന്ത്രിമാരും സമാന വഴി പിന്തുടർന്ന് നിലവിലെ അവരുടെ വാഹനങ്ങൾ ഉപേക്ഷിച്ച് ബെൻസും റൈഞ്ചറോവറും സൗജന്യമായി വാങ്ങി യാത്ര ചെയ്യാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? മന്ത്രി കുഞ്ഞാലിക്കുട്ടി സഞ്ചരിക്കുന്ന വാഹനം അദ്ദേഹത്തിന്റെ സ്വന്തമാണ് എന്നെങ്കിലും പറയാം. അത്ര അടുത്ത സുഹൃത്താണെങ്കിൽ ആ റെയ്ഞ്ചറോവർ ഷാജിയുടെ പേരിൽ നൽകാൻ ആർ.സി ഓണർ സൻമനസ്സ് കാണിച്ചാൽ വളരെ നല്ലത്?
വേങ്ങര മണ്ഡലക്കാർ ഇതുവരെ കണ്ടത് വിലപിടിപ്പുള്ള കാറിൽ വരുന്ന എം.എൽ.എയേയും മന്ത്രിയേയുമായതിനാൽ ഇന്നോവ ക്രിസ്റ്റയിൽ ചെല്ലുമ്പോൾ മണ്ഡലക്കാർ ഗൗനിക്കില്ലെന്ന ഭയം കൊണ്ടാണോ കോടിയിലധികം വിലവരുന്ന റെയ്ഞ്ചറോവറിൽ തന്നെ യാത്ര ചെയ്യാമെന്ന് മന്ത്രി ഷാജി തീരുമാനിച്ചത്? ആർഭാടങ്ങൾക്കെതിരെ പ്രസംഗിക്കുന്നവരാണ് ഷാജിയും ഞാനുമുൾപ്പടെയുള്ള പൊതു പ്രവർത്തകർ. ഞങ്ങൾ തന്നെ ആഢംബര കാറിൽ യാത്ര ചെയ്ത് നാട്ടുകാരോട് ആർഭാടം ഉപേക്ഷിക്കണമെന്ന് ഉപദേശിച്ചാൽ ആളുകൾ ഞങ്ങളെ എങ്ങിനെയാണ് വിലയിരുത്തുക? ലക്ഷം പ്രതിഫലം വാങ്ങി പ്രവാചകന്റെ ലളിത ജീവിതം പ്രസംഗിക്കുന്ന ന്യൂജെൻ മുസ്ല്യാമാരെപ്പോലെയാവില്ലെ പൊതുപ്രവർത്തകരും? ശാന്തമായി എന്റെ പഴയ സുഹൃത്ത് അക്കാര്യം ആലോചിക്കുന്നത് നന്നാകും.
'നിങ്ങൾ പ്രവർത്തിക്കാത്തതാണോ മറ്റുള്ളവരോട് ചെയ്യാൻ നിങ്ങൾ കൽപ്പിക്കുന്നത്. അതിനെക്കാൾ വലിയ പാപം മറ്റൊന്നില്ല' (വിശുദ്ധ ഖുർആൻ)
Content Highlights: Local Self Government Minister K M Shaji faced criticism for using a friend's private Range Rover instead of his official vehicle. Former MLA K T Jaleel alleged oath violation and raised ethical concerns over the luxury car ride.