കെ.എം. ബഷീർ വധക്കേസ്: രഹസ്യമൊഴി നൽകിയ ദൃക്‌സാക്ഷി കൂറുമാറി; മൊഴിയിലുറച്ച് വാച്ച്മാൻ

ശ്രീറാം വെങ്കിട്ടരാമന്‍, അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍, കെ.എം. ബഷീര്‍
ശ്രീറാം വെങ്കിട്ടരാമന്‍, അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍, കെ.എം. ബഷീര്‍

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ നിർണായക ദൃക്‌സാക്ഷി കോടതിയിൽ കൂറുമാറി. രഹസ്യമൊഴി നൽകിയ മൂന്നാം സാക്ഷിയും ഓട്ടോഡ്രൈവറുമായ െഷഫീഖാണ് പ്രതിക്ക് അനുകൂലമായി മൊഴി തിരുത്തിയത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.

കാർ അമിതവേഗതയിൽ വന്ന് ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നത് കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് താടിവെച്ച ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്. ആണെന്ന് തിരിച്ചറിഞ്ഞെന്നുമായിരുന്നു െഷഫീഖ് നേരത്തേ പോലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴി.

കേസിൽ നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി. ഓഫീസിലെ വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായ മൊഴിനൽകി. അപകടസമയത്ത് ശബ്ദംകേട്ട് പുറത്തുവന്നപ്പോൾ വാഹനമിടിച്ചു കിടക്കുന്നതു കണ്ടെന്നും വാഹനം ഓടിച്ചത് ശ്രീറാമാണെന്നു പറയുന്നതുകേട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്ന് അപകടസ്ഥലത്തു കണ്ട അതേ ശ്രീറാം തന്നെയാണ് ഇന്ന് കോടതിയിൽ ഹാജരായിരിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കി.

ഇതുവരെ നാലു സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി ബി.എസ്. രാജേഷ് ഹാജരായി.

കോടതി മാറ്റത്തിനെതിരായ ഹർജിയിൽ വിശദീകരണം തേടി

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ചു മരിച്ച കേസിൽ വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണംതേടി. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നടക്കം ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ സി. ജസീല നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.

തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി -ഒന്നിൽ നിശ്ചയിച്ചിരുന്ന വിചാരണ നാലാം കോടതിയിലേക്കു മാറ്റിയതിനെയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി മാറ്റം.

കേസിലെ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനടക്കം എതിർകക്ഷികളാണ്.

Content Highlights: Key witness turns hostile in the KM Basheer murder case trial. Sriram Venkitaraman IAS case and ongoing legal developments here.