കെ.എം ബഷീർ കൊല്ലപ്പെട്ട കേസ്; അഭിഭാഷകന് പടികയറാൻ കഴിയില്ല, വിചാരണ കോടതിക്ക് മാറ്റം

#ആർ. അനന്തകൃഷ്ണൻ / മാതൃഭൂമി ന്യൂസ്
ശ്രീറാം വെങ്കിട്ടരാമന്‍, അഡ്വ. ബി. രാമന്‍പിള്ള | ഫോട്ടോ: മാതൃഭൂമി
ശ്രീറാം വെങ്കിട്ടരാമന്‍, അഡ്വ. ബി. രാമന്‍പിള്ള | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതിയിൽ മാറ്റം. ഇനി വിചാരണ നടക്കുക തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലായിരിക്കും. ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി പരി​ഗണിച്ചാണ് കോടതി നടപടി.

തിരുവനന്തപുരം മൂന്നാം അഡീഷണൽ സെഷൻസ് കോടതിയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. മൂന്നാം അഡീഷണൽ സെഷൻസ് കോടതി പ്രവർത്തിക്കുന്നത് ഒന്നാം നിലയിലാണ്. തന്റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്ക് പടികൾ കയറി കോടതിയിലെത്തുന്നതിന് ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതിനാൽ കോടതി മാറ്റണമെന്നായിരുന്നു ശ്രീറാമിന്റെ ആവശ്യം. 

ശ്രീറാമിന്റെ ഹർജിയെ തുടർന്ന് കോടതി വിചാരണ ആരംഭിക്കുന്നതിനായി സാക്ഷികൾക്ക് അയച്ച സമൻസ് തിരിച്ചുവിളിച്ച് ഹർജി പരി​ഗണിക്കുകയായിരുന്നു. കാര്യങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്ന് കോടതി മാറ്റി. ഇനി വിചാരണ നടക്കാൻ പോകുന്ന തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്.

2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ ബിഷീർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. മദ്യപിച്ച് അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: Trial in the KM Basheer murder case shifted to Thiruvananthapuram`s 4th Additional Sessions Court