ഖരമാലിന്യ സംസ്കരണം: ലോകബാങ്ക് പിൻവാങ്ങുന്നു,വായ്പയിൽ 800 കോടി വെട്ടി

തിരുവനന്തപുരം: ‘സമ്പൂർണ മാലിന്യമുക്ത കേരളം’ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ചെങ്കിലും നഗരപ്രദേശങ്ങളിലെ ഖരമാലിന്യ പദ്ധതി അവതാളത്തിലെന്ന് ലോകബാങ്ക് വിലയിരുത്തൽ. നാലുവർഷമായി ഒരു പുരോഗതിയുമില്ലാത്തതിനാൽ, കേരളത്തിന് അനുവദിച്ച 2200 കോടി രൂപയുടെ വായ്പയിൽ 800 കോടി വെട്ടിക്കുറച്ചു. അലംഭാവം തുടർന്നാൽ പദ്ധതിയിൽനിന്നു പിന്മാറാനും ആലോചന തുടങ്ങി.
രാജ്യത്ത് ആദ്യമായി ലോകബാങ്ക് വിഭാവനം ചെയ്തതാണ് കേരളത്തിലെ ഖരമാലിന്യ സംസ്‌കരണ പദ്ധതി. സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ പദ്ധതി വഴിമുട്ടിയതിനാൽ വായ്പത്തുകയിൽ ഇതുവരെ 120 കോടിയേ അനുവദിച്ചിട്ടുള്ളൂ. പദ്ധതിക്കായി നിയമിച്ചവർക്ക് ശമ്പളം നൽകിയതൊഴിച്ചാൽ മറ്റൊന്നിനും അധികം ചെലവഴിച്ചിട്ടില്ല. ലോകബാങ്ക് പ്രതിനിധികൾ സർക്കാർ അധികൃതരെ നേരിട്ട് അതൃപ്തിയറിയിക്കുകയും ചെയ്തു.
സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളും ആറു കോർപ്പറേഷനുകളും ഉൾപ്പെടെയുള്ള നഗരമേഖലകളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി ഖരമാലിന്യസംസ്‌കരണം നടപ്പാക്കാൻ വിഭാവനം ചെയ്തതാണ് പദ്ധതി. 2021 മാർച്ചിൽ അംഗീകരിച്ച വായ്പയ്ക്ക് 2027 ജൂൺ 30 വരെയാണ് കാലാവധി. ഇക്കാലയളവിൽ 25 വർഷത്തേക്കുള്ള സുസ്ഥിര മാലിന്യസംസ്‌കരണ പദ്ധതി നടപ്പാക്കാനാണ് കരാർ. എന്നാൽ, പദ്ധതി നടപ്പാക്കാൻ മന്ത്രിതലത്തിലോ പ്രിൻസിപ്പൽ സെക്രട്ടറിതലത്തിലോ ഒരു അവലോകനയോഗംപോലും ഇതുവരെ ചേർന്നിട്ടില്ലെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു.
പദ്ധതിനിർവഹണത്തിനായി ‘കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി’ എന്ന പേരിൽ പ്രത്യേക കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ ഡയറക്ടറായി ദിവ്യ എസ്. അയ്യരെ ചുമതലപ്പെടുത്തി. ഇത്രയും പ്രധാനപ്പെട്ട പദ്ധതിക്കായി മുഴുവൻസമയ ഡയറക്ടറോ അസി. ഡയറക്ടറോ ഇല്ലാത്തതിനാൽ, ഒരു പ്രവർത്തനവും മുന്നോട്ടുപോയില്ല. മൂന്നുമാസം കൂടുമ്പോൾ ലോകബാങ്ക് പ്രതിനിധികൾ പദ്ധതി അവലോകനത്തിനായി എത്താറുണ്ടെങ്കിലും ഒന്നോ രണ്ടോ യോഗത്തിലൊഴിച്ച് ഡയറക്ടർ പങ്കെടുത്തതുമില്ല.
പദ്ധതി പാളിയതിങ്ങനെ
സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാൻ സാങ്കേതികവിദഗ്ധരെയോ പരിചയസമ്പന്നരായവരേയോ നിയമിച്ചില്ല.
ജില്ലാതല പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകൾ കാര്യക്ഷമമല്ല.
അത്യാധുനിക സാങ്കേതികവിദ്യയൊന്നും തയ്യാറാക്കിയിട്ടില്ല. പകരം, തിരുവനന്തപുരത്ത് നടപ്പാക്കിയ തുമ്പൂർമുഴി പോലുള്ളവ ആശ്രയിച്ചു.
അതിനൂതനവും ശാസ്ത്രീയവുമായ കേന്ദ്രീകൃത മാലിന്യ സംസ്‌കരണകേന്ദ്രങ്ങൾ സജ്ജമാക്കണമെന്നാണ് വ്യവസ്ഥ. കൊല്ലം അഞ്ചലിലും കാസർകോട് തൃക്കരിപ്പൂരിലും നൂറേക്കറോളം ഏറ്റെടുത്തതൊഴിച്ചാൽ മറ്റൊരു പ്രവർത്തനവും നടന്നിട്ടില്ല.
മാലിന്യക്കൂന നീക്കാൻ ഗുരുവായൂർപോലെ ചിലയിടങ്ങളിൽ സംസ്‌കരണമാതൃക വന്നെങ്കിലും ഒരു നഗരമേഖലയിലും ലോകബാങ്ക് വിഭാവനം ചെയ്തതനുസരിച്ചുള്ള പദ്ധതി നടപ്പാക്കിയില്ല.
പദ്ധതി ഒറ്റനോട്ടത്തിൽ:
- 2021 മാർച്ച് ഒൻപതിന് വായ്പയ്ക്ക് അംഗീകാരം
- കാലാവധി 2027 ജൂൺ 30 വരെ
- ആദ്യം അംഗീകരിച്ച വായ്പ: 2200 കോടി
- വെട്ടിക്കുറച്ച വായ്പ: 800 കോടി
- ഇതുവരെ അനുവദിച്ച തുക: 120 കോടി