വിസി നിയമന കേസിൽ ഗവർണർക്ക് തിരിച്ചടി; ജ.ധുലിയയുടെ റിപ്പോർട്ട് വരുംവരെ ഇടപെടില്ലെന്ന് സുപ്രീം കോടതി

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി, രാജേന്ദ്ര അർലേക്കർ
സുപ്രീംകോടതി, രാജേന്ദ്ര അർലേക്കർ

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളില്‍  മുഖ്യമന്ത്രിയുടെ പങ്കില്‍ വ്യക്തത വേണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ആവശ്യമെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ ഇടപെടുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ണ്ണായക പങ്ക് നല്‍കുന്ന ഉത്തരവാണ് സുപ്രീം കോടതി നേരത്തെ പുറപ്പടിവിച്ചിരുന്നത്. സ്ഥിരം വൈസ് ചാന്‍സ്ലര്‍മാരായി പരിഗണിക്കേണ്ടവരുടെ പാനല്‍ ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ അധ്യക്ഷതയിലുള്ള സമിതി തയ്യാറാക്കി കൈമാറുമ്പോള്‍ അതില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ് സുപ്രീം കോടതി നല്‍കിയിരുന്നത്.

പശ്ചിമ ബംഗാള്‍ വിസി നിയമന കേസില്‍ സുപ്രീം കോടതി പുറപ്പടിവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് നിര്‍ണായക പങ്ക് നല്‍കുന്ന ഉത്തരവ് കോടതി പുറത്തിറക്കിയത്. എന്നാല്‍, പശ്ചിമ ബംഗാള്‍ കേസില്‍ ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പിന്നീട് മാറ്റംവരുത്തിയതായി കേരള ഗവര്‍ണര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. ഈ മാറ്റം ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളിലും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

എന്നാല്‍, ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ഈ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, കെ. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ധുലിയ തയ്യറാക്കുന്ന പാനലില്‍ മുഖ്യമന്ത്രി മുന്‍ഗണനാക്രമം തീരുമാനിച്ചശേഷമാകും റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ എത്തുക. ഫലത്തില്‍ ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയാണ് കോടതി നടപടി. കേരള സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി.

Content Highlights: Supreme Court refuses urgent hearing on Kerala Governor`s plea for clarity in VC appointments