നിയമപരമായി റീ കൗണ്ടിങ് പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് വിവാദത്തില്‍ പ്രതികരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍. നിയമപരമായി റീ കൗണ്ടിങ് പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രശ്‌നങ്ങളുണ്ടായപ്പോള്‍ റീക്കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കോളേജ് മാനേജരായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപ്പെട്ടാണ് രാത്രി വൈകിയും റീ കൗണ്ടിങ് നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ വ്യത്യാസം വന്നപ്പോള്‍ എസ്.എഫ്.ഐയുടെ കുട്ടികള്‍ റീകൗണ്ടിങ് ആവശ്യപ്പെട്ടു. പിന്നെ റീ കൗണ്ടിങ് നടന്നു. റീ കൗണ്ടിങ് നടക്കുമ്പോള്‍ വൈദ്യുതി നിലച്ചു. തര്‍ക്കം ഉണ്ടായപ്പോള്‍ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അതേക്കുറിച്ച് ചര്‍ച്ച നടന്നു. അപ്പോള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൗണ്ടിങ്
നിര്‍ത്തിവെക്കേണ്ട ആവശ്യമില്ല തുടര്‍ന്നോട്ടെ എന്ന് പറഞ്ഞുവെന്നാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രതികരിച്ചത്.
ഇതിനിടെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കെ.എസ്.യു.സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിഷേധ സമരത്തിന്റെ ഭാഗമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്ന് വൈകിട്ട് ഏഴ് മുതല്‍ തൃശൂര്‍ കോര്‍പ്പറേഷന് ഓഫീസിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണന്‍ അറിയിച്ചു.
Content Highlights: kerala varma college election recounting controversy