പരസ്യമായി സംഘപരിവാർപക്ഷം, അതിരുകൾ ലംഘിച്ച് പരാമർശങ്ങൾ; സർക്കാരിന് തലവേദനയായി കേരള സർവകലാശാല വി.സി

#ന്യൂസ് ഡെസ്ക്
ഡോ മോഹനന്‍ കുന്നുമ്മല്‍
ഡോ മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം: സർക്കാർ പലവട്ടം അതൃപ്തി പ്രകടിപ്പിച്ചിട്ടും സംഘപരിവാർ അനുകൂല നിലപാടെടുത്തും പ്രസ്താവന നടത്തിയും നിരന്തരം വിവാദനായകനായി കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ.

വി.സി.മാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന് മന്ത്രി റോജി എം. ജോൺ ബുധനാഴ്ച മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത് കേരള വി.സി.യെ ഉന്നമിട്ടായിരുന്നു. അക്കാദമികമായി ഔന്നത്യത്തിലുള്ള വി.സി.മാർ പരസ്യമായി രാഷ്ട്രീയവേദികളിൽ പോവുന്ന പതിവുമില്ല. എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേരള വി.സി.യായി അദ്ദേഹത്തിന് ഗവർണർ ചുമതല നൽകിയ കാലം മുതൽക്കേ, സർക്കാരിന്റെ അതിരുകൾ ലംഘിച്ചാണ് മോഹൻ കുന്നുമ്മലിന്റെ നടപടികൾ. 2025 ജൂലായിൽ കൊച്ചിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത 'ജ്ഞാനസഭ' മുതൽ നിരന്തരം അദ്ദേഹം സംഘപരിവാർ വേദികളിലെത്തുന്നുണ്ട്.

'കേരള'യിൽ ഒരു സംഘടനയുടെ ചടങ്ങിൽ 'ഭാരതാംബ'യെ പ്രതിഷ്ഠിക്കാൻ അനുവദിക്കാത്തതിലെ വിവാദത്തിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വി.സി. സസ്‌പെൻഡ് ചെയ്തതും വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം മണിവിളയിൽ ആർ.എസ്.എസ്. സംഘടിപ്പിച്ച 'സങ്കൽപ്പ്-2026' യുവസംഗമത്തിൽ ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം പാടുന്നതെന്നും അമ്മ ആരാണെന്നോ എന്താണെന്നോ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും അദ്ദേഹം വിവാദപരാമർശം നടത്തി. ഈയിടെ, സർവകലാശാലയിലെ ഏഴംഗ ഐ.ക്യു.എ.സി. സെല്ലിൽ അഞ്ച് ബി.ജെ.പി. പ്രതിനിധികളെ നാമനിർദേശം ചെയ്യുകയും ചെയ്തു. പ്രശ്‌നത്തിൽ പരാതി നൽകിയിരിക്കുകയാണ് യു.ഡി.എഫ്. സിൻഡിക്കേറ്റംഗങ്ങൾ.

ചാൻസലറെന്ന നിലയിൽ ഗവർണറാണ് വി.സി.മാരുടെ നിയമാനാധികാരി. നീരസം പ്രകടിപ്പിക്കാമെന്നല്ലാതെ, വി.സി.മാർക്കെതിരേ നടപടിയെടുക്കാനുള്ള നിയമപരമായ പരിമിതിയാണ് സർക്കാരിന്റെ പ്രതിസന്ധി.

നിങ്ങൾ പാറ്റകളാണോ മൗനത്തിലൂടെ പ്രതിഷേധിച്ച് വിദ്യാർഥികൾ

'ചിലർ നിങ്ങളെ വിളിക്കുന്നത് ക്രോക്രോച്ച്, പാറ്റകളെന്നാണ്, നിങ്ങൾ പാറ്റകളാണോ? കഴക്കൂട്ടം മണ്ഡലത്തിൽ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പ്രസംഗിക്കവേ മോഹൻ കുന്നുമ്മൽ ചോദിച്ചു.കുട്ടികൾക്ക് മൗനം.

''നിങ്ങൾ പാറ്റകളാണോ, അല്ല എന്നുള്ളവർ ഉറച്ചു പറയൂ ' വിസി പറഞ്ഞു.

വീണ്ടും മൗനം. /നിങ്ങൾ പാറ്റയാണോ, സിംഹമാണോ'' -വി.സി. ചോദ്യം ആവർത്തിച്ചു.

വിദ്യാർഥികളുടെ ചുണ്ടുകൾ അനങ്ങാതിരിക്കുന്നത് കണ്ട് വി.സി. ചോദിച്ചു : ''ഉച്ചയ്‌ക്കൊന്നും കഴിച്ചില്ലേ?, ചായ കിട്ടിയില്ലേ?''

ഒരു പെൺകുട്ടിയൊഴിച്ച് മറ്റാരും ഒന്നും മിണ്ടിയില്ല. ഒടുവിൽ, ''നിങ്ങൾ പാറ്റകളല്ല, ഈ നാടിന്റെ കരുത്തായ സിംഹങ്ങളും ദുർഗാദേവികളുമാണ്'' എന്ന് പറഞ്ഞ് വി.സി.തടിയൂരി.

സാധാരണ പാറ്റയാവാതെ, സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളായി വളരണമെന്ന് മുഖ്യാതിഥി ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പാറ്റാ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Kerala University VC Dr. Mohanan Kunnummal faces criticism for attending Sangh Parivar events., Controversial remarks made at the Sankalp-2026 youth summit regarding Vande Mataram., Government faces legal limitations in taking action against the VC appointed by the Governor., Peculiar 'cockroach or lion' remarks addressed to students during a felicitation ceremony.