‘കേരള’യിലും മുട്ടുമടക്കി സര്‍ക്കാര്‍, രജിസ്ട്രാറെ ശാസ്താം കോട്ട ഡി.ബി കോളേജിലേക്ക് മാറ്റി

#ന്യൂസ് ഡെസ്‌ക്
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാര്‍|  S Sreekesh
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാര്‍| S Sreekesh

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് അനില്‍ കുമാറിനെ ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് പ്രിന്‍സിപ്പലായി തിരികെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അനില്‍കുമാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിവരം. ഭാരതാംബ വിവാദത്തില്‍ നേരത്തെ അനില്‍കുമാര്‍ സസ്‌പെന്‍ഷനിലായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി അവസാന നിമിഷം റദ്ദാക്കിയാണ് രജിസ്ട്രാര്‍ വിവാദത്തില്‍ പെട്ടത്. റദ്ദാക്കിയെങ്കിലും നിശ്ചയിച്ച പ്രകാരം പരിപാടി നടക്കുകയും ഗവര്‍ണര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്.

വലിയ പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ വി.സി മോഹന്‍ കുന്നുമ്മലിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സിന്‍ഡിക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രജിസ്ട്രാര്‍ ഗവര്‍ണറോട് അനാദരവ് കാട്ടിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.

ഇതിന് ശേഷം വിസിക്കെതിരെ എസ്എഫ്‌ഐ വലിയ പ്രതിഷേധം ഉയര്‍ത്തി. പിന്നാലെ സിന്‍ഡിക്കറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയെങ്കിലും വിസി അംഗീകരിച്ചില്ല. സിന്‍ഡിക്കറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിന് പിന്നാലെ അനില്‍ കുമാര്‍ തിരികെ സര്‍വകലാശാലയിലെത്തിയെങ്കിലും രജിസ്ട്രാര്‍ എന്ന ചുമതല വിസി മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. സിന്‍ഡിക്കറ്റ് അടക്കം ഇടത് സംഘടനകള്‍ വിസിയുടെ തീരുമാനം അംഗീകരിക്കാതെ ഇരുന്നതും ഭരണസ്തംഭനം ഉണ്ടായതും കോടതിയിലേക്ക് നീണ്ടു. സര്‍ക്കാര്‍ പിന്തുണ അനില്‍കുമാറിനൊപ്പമായിരുന്നു. വിഷയം പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് അനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലില്‍ സമവായത്തിന്റെ തലത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.

നേരത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയിരുന്നു. ഇക്കാര്യത്തിലെ തര്‍ക്കം നേരത്തെ സുപ്രീം കോടതിയിലെത്തിയിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. ഒടുവില്‍ സാങ്കേതിക സര്‍വകലാശാല വി.സിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നോമിനിയായ സജി ഗോപിനാഥിനെയും നിയമിക്കാമെന്ന സമവായത്തിന് സര്‍ക്കാര്‍ വഴങ്ങിയിരുന്നു.

Content Highlights: Kerala University Registrar, Anil Kumar, DB College Principal, University News Kerala, Higher Education Kerala