കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പരിശോധിക്കാൻ പ്രത്യേക സമിതി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് േകരള സർവകലാശാല. ആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.
ചിന്തയുടെ ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് കേരളാ സർവകലാശാല സിൻഡിക്കേറ്റിൽ ആവശ്യമുയർന്നു. എൽ.ഡി.എഫ്. അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു.
ചിന്ത കേരള സർവകലാശാലയിൽ സമർപ്പിച്ച 'നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ 'വാഴക്കുല' മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തിൽ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം വൈലോപ്പള്ളി എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.