സ്കൂളിൽ അധ്യാപകൻ, കോളേജിൽ വിദ്യാർഥി; എസ്.എഫ്.ഐ. സ്ഥാനാർഥിയുടെ പ്രവേശനം റദ്ദാക്കി കേരള സർവകലാശാല

#ന്യൂസ് ഡെസ്ക്
കേരള സര്‍വകലാശാല
കേരള സര്‍വകലാശാല

തിരുവനന്തപുരം: മുഴുവൻ സമയ സ്കൂൾ അധ്യാപകനാണെന്ന വസ്തുത മറച്ചുവെച്ച് കായംകുളം എം.എസ്.എം. കോളേജിൽ എം.കോമിന് ചേർന്ന വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കാൻ കേരള സർവകലാശാല നിർദേശം നൽകി. വെള്ളിയാഴ്ച നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.യുടെ ചെയർമാൻ സ്ഥാനാർഥികൂടിയായ അൽ അമീന്റെ പ്രവേശനമാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിഷൻ മോണിറ്ററിങ് കമ്മിറ്റി റദ്ദാക്കാൻ തീരുമാനിച്ചത്.

ഒരു സ്വകാര്യസ്കൂളിൽ പൂർണസമയ കായികാധ്യാപകനായിരിക്കെയാണ് അൽ അമീൻ കോളേജിൽ പ്രവേശനം നേടിയത്. പ്രവേശനം നേടിയശേഷവും സ്കൂളിൽ അധ്യാപകനായി തുടരുകയായിരുന്നു. പ്രവേശനം റദ്ദാക്കുന്നതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടും.

അൽ അമീൻ കായംകുളത്തെ സ്വകാര്യസ്‌കൂളിലെ പൂർണസമയ കായികാധ്യാപകനാണെന്ന കത്തുകൂടി കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥിയെ പുറത്താക്കാൻ തീരുമാനിച്ചത്.

യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സുപ്രീംകോടതി അംഗീകരിച്ച ലിങ്ദോ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 75 ശതമാനം ഹാജർ നിർബന്ധമാണ്. പൂർണസമയ അധ്യാപകനായ വിദ്യാർഥിക്ക് എങ്ങനെ നിശ്ചിതഹാജർ ലഭിച്ചുവെന്നത് സംബന്ധിച്ചും അന്വേഷണമുണ്ടാകും.

ബി.കോം. പരീക്ഷ പാസായതായുള്ള റായ്പൂർ കലിംഗ സർവകലാശാലയുടെ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി കഴിഞ്ഞവർഷം എസ്.എഫ്.ഐ. നേതാവ് ഇതേ കോളേജിൽ എം.കോമിന് പ്രവേശനം നേടിയതും വിവാദമായിരുന്നു.

Content Highlights: Kerala University has directed the cancellation of Al Ameen's admission to MSM College, Kayamkulam, due to his undisclosed full-time teaching position at a private school. The decision, made by the Admission Monitoring Committee, affects Al Ameen's candidacy in the college union elections, as he was an SFI chairman candidate.