അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി,വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാര്‍ഥികളോട് കേരള സര്‍വകലാശാല

#പ്രശാന്ത് കൃഷ്ണ/ മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയതോടെ വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ 71 എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളാണ് പ്രതിസന്ധി നേരിടുന്നത്. 

 2024 മെയ് മാസത്തില്‍ പരീക്ഷ നടന്ന പ്രൊജക്റ്റ് ഫിനാന്‍സിന്റെ ഉത്തര പേപ്പറാണ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടമായത്. മൂല്യനിര്‍ണയത്തിനുശേഷം വരുന്ന വഴിക്ക് ഈ പേപ്പറുകള്‍ നഷ്ടമായ വിവരം അധ്യാപകന്‍ സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു. ഇതിന് പകരമായി ഈ വിദ്യാര്‍ഥികളോട് ഒരു സ്‌പെഷ്യല്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. ഏപ്രില്‍ മാസം ഏഴാം തിയ്യതിയാണ് പരീക്ഷ നടക്കുക. രാവിലെ 9.30 മുതല്‍ 12.30 വരേയാണ് പരീക്ഷ. 

വിദ്യാര്‍ഥികളുടെ മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷ കഴിഞ്ഞെങ്കിലും ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് പരീക്ഷാഫലത്തെ കുറിച്ച് അന്വേഷിച്ച് പലരും സര്‍വകലാശാലയില്‍ പോയപ്പോള്‍ 'അധ്യാപകന്റെ കൈയില്‍ നിന്ന് പേപ്പര്‍ മിസ് ആയി, സ്‌പെഷ്യല്‍ പരീക്ഷ ഫീസ് ഇല്ലാതെ എഴുതാമല്ലോ' എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റ് വിദ്യാര്‍ഥികള്‍ക്കില്ലാത്ത പ്രശ്‌നം എന്താണ് നിങ്ങള്‍ക്കെന്നും ചോദിച്ചു. വിദ്യാര്‍ഥികളില്‍ പലര്‍ക്കും പരീക്ഷ അറിയിച്ചുള്ള മെയില്‍ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കോഴ്‌സ് കഴിഞ്ഞിട്ടും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയിലാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

Content Highlights: kerala university asks students to rewrite exam after teacher loses answer sheet