LDF കാലത്ത് രജിസ്റ്റർ ചെയ്തത് 196 ഭീകരവിരുദ്ധ കേസ്; കുറ്റപത്രം സമർപ്പിച്ച 30-ൽ 22-ലും UAPA ഒഴിവായി

ആലപ്പുഴ: എൽ.ഡി.എഫ്. സർക്കാർ ഭരിച്ച പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഭീകരവിരുദ്ധനിയമ പ്രകാരം(യു.എ.പി.എ.) രജിസ്റ്റർചെയ്തത് 196 കേസ്. കോടതിയിലെത്തിയ 30 കേസിൽ 22 എണ്ണത്തിൽനിന്ന് യു.എ.പി.എ. ഒഴിവാക്കി. കളമശ്ശേരി സ്ഫോടനം, തലപ്പാടി മാവോയിസ്റ്റ് ആക്രമണം തുടങ്ങിയവ യു.എ.പി.എ. ഒഴിവാക്കിയ കേസുകളിൽപ്പെടും.
ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ച് 2017 ജനുവരി മുതൽ 2026 മേയ് 31 വരെ യു.എ.പി.എ. പ്രകാരം 196 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019-ലാണ് ഏറ്റവും കൂടുതൽ -49 കേസ്. 135 കേസിന്റെ അന്വേഷണം പൂർത്തിയായില്ല.
30 എണ്ണത്തിന്റെ കുറ്റപത്രം കോടതിയിൽ നൽകി. ഇതിൽ 22 കേസിൽ യു.എ.പി.എ. ഒഴിവാക്കി. 23 കേസ് തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ചു. എട്ടു കേസ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)ക്കു കൈമാറി.
എൻ.ഐ.എ. അന്വേഷിക്കുന്ന കേസുകൾ
കണ്ണൂർ കരിക്കോട്ടക്കരിയിലെയും വയനാട് തലപ്പുഴ പെരിയയിലെയും മാവോയിസ്റ്റ് വെടിവെപ്പു കേസ്, വയനാട് കമ്പമല കെ.എഫ്.ഡി.സി. ഓഫീസ് ആക്രമണ കേസ്, കണ്ണൂർ നഗരത്തിൽ എസ്.ഡി.പി.ഐ. പ്രവർത്തകർ ആർ.എസ്.എസ്. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്, വളപട്ടണത്ത് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്മെന്റ് നടത്തിയ കേസ്, മലപ്പുറം എടക്കരയിലെ മാവോയിസ്റ്റ് വെടിവെപ്പു കേസ്, വണ്ടൂരിൽ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്മെന്റ് നടത്തിയ കേസ്, കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു യുവാക്കളെ അറസ്റ്റുചെയ്ത കേസ്.
2017 മുതൽ യു.എ.പി.എ. ചുമത്തിയ കേസുകൾ
2017- 11
2018- 39
2019- 49
2020- 16
2021- 15
2022- 26
2023- 32
2024- അഞ്ച്
2025- മൂന്ന്
Content Highlights: 196 UAPA cases registered in Kerala from January 2017 to May 2026., UAPA charges dropped in 22 out of 30 cases that reached court., 8 major cases handed over to the National Investigation Agency (NIA)., Highest number of cases (49) recorded in the year 2019.