തെരുവുനായ നിയന്ത്രണത്തിന് മാർഗരേഖ; സ്വകാര്യപങ്കാളിത്തത്തോടെ അഭയകേന്ദ്രങ്ങൾ

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് മാർഗരേഖയായി. ജനസാന്ദ്രതകുറഞ്ഞ സ്ഥലത്ത് ഷെൽട്ടർ ഒരുക്കാൻ സ്വകാര്യപങ്കാളിത്തം തേടും. ഒരേക്കർ എങ്കിലും വേണമെന്നതിനാൽ പ്ലാന്റേഷൻ പോലെയുള്ള പ്രദേശങ്ങളാണ് പരിഗണനയിൽ. പ്രാദേശിക എതിർപ്പ് ഇല്ലാതാക്കാൻ സന്നദ്ധസംഘടനകൾ, എൻ.ജി.ഒ.കൾ എന്നിവയുടെയും സഹായം തേടും. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഇത്തരം കേന്ദ്രങ്ങളും നായകളെ വന്ധ്യംകരിക്കുന്നതിന് എ.ബി.സി. കേന്ദ്രങ്ങളും പ്രവർത്തിപ്പിക്കാനാണ് ശ്രമം. സുപ്രീംകോടതി വിധിയനുസരിച്ചുള്ള ദയാവധം നടപ്പാക്കുക ഏറ്റവും ഒടുവിൽമാത്രം. നയത്തിന്റെ കരട് ഉടൻ അന്തിമമാക്കും.
എ.ബി.സി. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് വിരമിച്ചവരോടൊപ്പം സ്വകാര്യമേഖലയിലെ വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. ഇവർക്കുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങളുമായി സർക്കാർ പങ്കിടും. ലൈസൻസില്ലാതെ വീടുകളിൽ നായവളർത്തൽ അനുവദിക്കില്ല. രണ്ടുനായകളെ വളർത്തിയാൽ ഒരു ഷെൽട്ടറായി കണക്കാക്കും. നായവളർത്തൽ-വിൽപ്പന കേന്ദ്രങ്ങൾക്കും കടുത്ത ലൈസൻസ് വ്യവസ്ഥകളുണ്ടാകുമെന്ന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തയ്യാറാക്കിയ മാർഗരേഖയിൽ പറയുന്നു.
പ്രധാന മാർഗനിർദ്ദേശങ്ങൾ
- നായകളെ തെരുവിലുപേക്ഷിച്ചാൽ പിഴ 10,000 രൂപ. വളർത്തുനായകളെ ട്രാക്ക് ചെയ്യാൻ ചിപ്പ്
- പത്തുപേർക്കെങ്കിലും നായകളുടെ കടിയേറ്റാൽ ആ സ്ഥലം ഹോട്ട് സ്പോട്ടാണ് ഇപ്പോൾ. അതിനുപകരം എ.ഐ. സഹായത്തോടെ നിരീക്ഷിച്ച് പുതിയമാനദണ്ഡം
- വാക്സിനേഷനടക്കം തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ പണം വകയിരുത്തും
- നായപിടിത്തക്കാർക്ക് പരിശീലനം. സ്വകാര്യ ഏജൻസികളുടെയും സഹായം തേടും
- കൂടുതൽ പോർട്ടബിൾ എ.ബി.സി. കേന്ദ്രങ്ങൾ ഒരുക്കും
- നിശ്ചിതസ്ഥലത്തും സമയത്തും തെരുവുനായകൾക്ക് ഭക്ഷണം നൽകിയാൽ അവയുടെ ആക്രമണം തടയാനാകും. ജനങ്ങൾ ഭക്ഷണം നൽകുന്നതിൽ എതിർപ്പില്ലെങ്കിലും ദീർഘകാല നയമാക്കില്ല. ഭക്ഷണം നൽകുന്നവരെ നിരീക്ഷിക്കും, അവരുടെ വിവരം തദ്ദേശസ്ഥാപനങ്ങൾ സൂക്ഷിക്കും
- കടിയേറ്റാൽ പ്രതിരോധമെങ്ങനെയെന്നു ബോധവത്കരിക്കും. പ്രതിരോധമരുന്ന് ഉറപ്പാക്കും
ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ
- തെരുവുനായകളെ പിടികൂടാനും വന്ധ്യംകരിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ഇതിന് നിരീക്ഷണ സമിതികളുണ്ടാക്കണം
- ഫണ്ടില്ലെന്നപേരിൽ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിയാനാകില്ല
- പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ ഓരോ പൗരനും അവകാശം
- നായകളുടെ ആക്രമണമുണ്ടായാൽ ആറുമാസത്തിനുള്ളിൽ കേസ് നൽകണമെന്ന പഞ്ചായത്ത് രാജ് നിയമത്തിലെ നിബന്ധന നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ചവരുത്തുന്ന സംഭവങ്ങളിൽ ബാധകമല്ല
- തെരുവുനായകളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവെപ്പും അനിവാര്യമാണ്. നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ബാധ്യസ്ഥർ
- പൊതുനിരത്തുകൾ ആരുടെ നിയന്ത്രണത്തിലാണോ, അവർക്ക് അത് ഉപയോഗിക്കുന്നവരോട് ഉത്തരവാദിത്വമുണ്ട്
- തെരുവുനായകളെ പിടികൂടാനും നശിപ്പിക്കാനും പരിശീലനം ലഭിച്ചവരെ നിയമിക്കാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പാക്കണം.
Content Highlights: Establishment of dog shelters in low-density areas with private partnership., Mandatory licensing for pet owners; strict regulations for breeding centers., Fine of ₹10,000 for abandoning dogs on streets., Implementation of AI-based monitoring for stray dog hotspots., Local bodies mandated to provide ABC centers and vaccination facilities.