SSK ഫണ്ട് ആദ്യ ഗഡു ലഭിച്ചു; കുടിശ്ശികവരുത്തിയ 1148 കോടി കിട്ടാൻ 10-ന് കേന്ദ്രമന്ത്രിയെ കാണും- മന്ത്രി ശിവൻകുട്ടി

വി. ശിവൻകുട്ടി | ഫയല്‍ചിത്രം | ഫോട്ടോ: പി. പ്രണവ്/ മാതൃഭൂമി
വി. ശിവൻകുട്ടി | ഫയല്‍ചിത്രം | ഫോട്ടോ: പി. പ്രണവ്/ മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന് ലഭിക്കേണ്ട 109 കോടിയില്‍ 92.41 കോടി രൂപയാണ് ചൊവ്വാഴ്ച നല്‍കിയത്. 16 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. 2023-24 മുതല്‍ 1148 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കാനുണ്ടെന്നും മന്ത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

2023-24-ല്‍ 188.58 കോടി രൂപയും, 2024-25-ല്‍ 513.14 കോടിയും, 2025-26-ല്‍ 486.1 കോടി രൂപയുമാണ് കേന്ദ്രം കുടിശ്ശിക വരുത്തിയത്. ഈ കുടിശ്ശിക കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. ഈമാസം 10-ന് ഡല്‍ഹിയിലെത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ നേരില്‍ക്കണ്ട് ഈ തുക വാങ്ങിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ സജീവമായ കേന്ദ്രമന്ത്രി, അതു കഴിഞ്ഞ് ഡല്‍ഹിയിലെത്തുന്ന 10-നാണ് കൂടിക്കാഴ്ചയെന്നും ശിവൻകുട്ടി അറിയിച്ചു.

രണ്ടുവര്‍ഷത്തിനുശേഷമാണ് കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിനുള്ള സമഗ്രശിക്ഷാ ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് കേന്ദ്രം ഉടന്‍ പാലിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

Content Highlights: Kerala Receives First Installment of Samagra Shiksha Kerala Funds