സമഗ്ര ശിക്ഷ: കിട്ടിയ ഫണ്ട് ചെലവാക്കുന്നതിൽ വീഴ്ച, ശമ്പളബാധ്യത വേറെ; പഴി കേന്ദ്രത്തിന്

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഫണ്ട് തരാത്തതിൽ കേന്ദ്രസർക്കാരിനെ പഴിക്കുമ്പോഴും സമഗ്രശിക്ഷാ കേരളത്തിനുള്ള (എസ്എസ്‌കെ) പണം ചെലവഴിക്കുന്നതിൽ സംസ്ഥാനതലത്തിൽ വീഴ്ച. ഈ സർക്കാരിന്റെ കാലയളവിൽ മൂന്നുവർഷമേ കേന്ദ്രസർക്കാർ എസ്എസ്‌കെ ഫണ്ട് അനുവദിച്ചിട്ടുള്ളൂ. അതിൽ, ഓരോ വർഷവും അംഗീകരിച്ച പദ്ധതിവിഹിതത്തിൽ പകുതിമാത്രമേ സംസ്ഥാനത്ത് ചെലവഴിച്ചിട്ടുള്ളൂവെന്നാണ് കണക്കുകൾ.

ഇതിനുപുറമേ, ഭരണപക്ഷ അധ്യാപകസംഘടനാ നേതാക്കളുടെ ഡെപ്യൂട്ടേഷൻ താവളമായി എസ്എസ്‌കെ മാറിയത് ശമ്പളബാധ്യതയും സൃഷ്ടിച്ചു.

നിർവഹണത്തിലും പാളിച്ച

കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും വഹിച്ചാണ് പദ്ധതിനിർവഹണം. അംഗീകൃതപദ്ധതിവിഹിതത്തിൽ ഓരോ ഗഡുവായി കേന്ദ്രം നൽകും. ഇതു ലഭിക്കാൻ സംസ്ഥാനവിഹിതവും അനുവദിക്കണം. സംസ്ഥാനവിഹിതത്തിൽ വീഴ്ചവന്നാൽ കേന്ദ്രഗഡു കിട്ടില്ല.

ഒരു ഗഡുവിന്റെ വിനിയോഗ റിപ്പോർട്ട് സമർപ്പിച്ചാലേ അടുത്ത ഗഡു കിട്ടൂ. ഇതിൽ സംഭവിച്ച വീഴ്ച ചെലവഴിക്കലിനെ ബാധിച്ചു.

ശമ്പളബാധ്യത

ഒരുമാസം 20 കോടി രൂപ ശമ്പളത്തിനുവേണം. ബ്ലോക്ക് റിസോഴ്സ് കേന്ദ്രങ്ങൾ (ബിആർസി) വഴിയാണ് പദ്ധതിനിർവഹണം. ഒരു ബിആർസിയിൽ നാല് സീനിയർ അധ്യാപകരുണ്ടാകും. ജില്ലാകേന്ദ്രങ്ങളിൽ അഞ്ചുവീതം അധ്യാപകരും. ഇവർ ഡെപ്യൂട്ടേഷനിലുള്ളവരായിരിക്കും.

ആറായിരത്തോളം വരുന്ന സ്പെഷ്യൽ എജുക്കേറ്റർമാരും സ്പെഷ്യലിസ്റ്റ് അധ്യാപകരും താത്കാലികക്കാരാണ്. ഇവരുടെ ശമ്പളം എസ്എസ്കെ വഹിക്കണം.

സർക്കാർനിയമനംനേടി ഡെപ്യൂട്ടേഷനിലുള്ള അധ്യാപകർക്കും എസ്എസ്കെ ഫണ്ടിൽനിന്ന് ശമ്പളം നൽകുന്നതാണ് നിലവിലെ സ്ഥിതി. അധ്യാപകരുടെ സേവനം അനിവാര്യമാണെങ്കിലും വർക്ക് അറേഞ്ച്മെന്റായി അവരുടെ സേവനം വിനിയോഗിക്കാനുള്ള സാധ്യത തേടിയിട്ടില്ല. മിക്കയിടങ്ങളിലും ഭരണപക്ഷ അധ്യാപകസംഘടനാനേതാക്കളാണ് ഡെപ്യൂട്ടേഷനിലുള്ളവർ.

Content Highlights: Samagra Shiksha Kerala: Fund Utilization Gaps Despite Central Government Allegations