സ്കൂൾ കായിക, കലാമേളകളുടെ കരാറുകൾ ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക്; വിദ്യാഭ്യാസ വകുപ്പിൽ വിവാദം, സ്ഥാനമാറ്റം

കൊല്ലം : സംസ്ഥാന സ്കൂൾ കായിക, കലാമേളകളുമായി ബന്ധപ്പെട്ട കരാറുകൾ ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് നൽകുന്നതിനെച്ചൊല്ലി പൊതുവിദ്യാഭ്യാസവകുപ്പിൽ വിവാദം. കഴിഞ്ഞകൊല്ലത്തെ സ്കൂൾ ഒളിമ്പിക്സ് അടക്കമുള്ളവയ്ക്ക് വിദ്യാർഥികൾക്കുള്ള ജഴ്സി നൽകുന്നതിനുള്ള കരാർ, ഒരു സീനിയർ ക്ലാർക്കിന്റെ ബന്ധുവിനാണ് നൽകിയത്. പരാതി ഉയർന്നതിനെത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഡിജിഇ ഓഫീസിൽനിന്ന് മാറ്റണമെന്ന് ഉന്നതതല നിർദേശം വന്നിരുന്നു. എന്നാൽ സർവീസ് സംഘടനാ നേതൃത്വം ഇടപെട്ട് നടപടി ലഘുവാക്കി, ഇയാൾക്ക് മറ്റൊരു സെക്‌ഷനിലേക്ക് സീറ്റ് മാറ്റം മാത്രം നൽകി. ജഴ്സി കരാർ ഇക്കൊല്ലവും ഇതേയാൾക്ക് നൽകാൻ നീക്കം നടക്കുന്നുണ്ട്. എന്നാൽ ക്വട്ടേഷൻ വിളിക്കണമെന്ന് ഉയർന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാണ് വിവരം.
മറ്റൊരു ക്ലാർക്കിനാണ് കായികമേളകളിൽ ഭക്ഷണവിതരണത്തിനുള്ള കരാറുകൾ കൊടുക്കുന്നത്. പങ്കെടുത്ത കുട്ടികളുടെ എണ്ണത്തിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവിലും കൃത്രിമത്വം കാട്ടി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. തിരുവനന്തപുരത്തു നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികൾക്കും ഭക്ഷണം വിതരണം ചെയ്യുന്നത് ഇദ്ദേഹമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലാർക്കായ ഇദ്ദേഹത്തിന്റെ പേരിൽത്തന്നെ ഇത്തരത്തിലുള്ള ബില്ലുകൾ ട്രഷറി മുഖേന പാസാക്കി എടുത്തിട്ടുണ്ട്.
കായികമേളയുടെയും കലോത്സവത്തിന്റെയും നടത്തിപ്പിനായി വിദ്യാർഥികളിൽനിന്ന് കോടികളാണ് പിരിച്ചെടുക്കുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികളിൽനിന്ന് കായികമേളയ്ക്ക് 75 രൂപ വീതവും കലോത്സവത്തിന് 50 രൂപ വീതവും പിരിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗം കുട്ടികളിൽനിന്ന് രണ്ട് മേളയ്ക്കും 15 രൂപ വീതമാണ് പിരിവ്. ഇതിനുപുറമേ സ്പോൺസർഷിപ്പ്, ഉത്പന്ന പിരിവ്, സർക്കാർ അനുവദിക്കുന്ന ഫണ്ട്, അധ്യാപകരിൽനിന്നുള്ള സാമ്പത്തിക സമാഹരണം എന്നിങ്ങനെ കോടിക്കണക്കിന് രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കായിക, കലോത്സവ വിഭാഗങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലെത്തും.
കായികവിഭാഗത്തിൽ മാത്രമായി കഴിഞ്ഞ അധ്യയനവർഷം എട്ടുകോടിയിൽപ്പരം രൂപ ലഭിച്ചിട്ടുണ്ട്. ഒരു ഓഡിറ്റിങ്ങിനും വിധേയമാക്കാത്ത ഇൗ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ ചില ഉദ്യോഗസ്ഥർ കൈക്കലാക്കുന്നതായാണ് വിമർശനം. ഓരോ പരിപാടിക്കും ചെലവാകുന്നതിന്റെ പലമടങ്ങ് തുകയാണ് മൂൻകൂറായി ഇവർ കൈപ്പറ്റുന്നത്. പിന്നീട് വ്യാജ ബില്ലുകളും വൗച്ചറുകളും തയ്യാറാക്കിവെക്കുകയാണ് ചെയ്യുന്നത്.
Content Highlights: Controversy erupts in Kerala`s education department over awarding contracts for school sports and arts festivals to relatives of officials. Allegations of fraud in jersey and food distribution contracts. Millions collected from students.