സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; കുമളി ടൗണിൽ വെള്ളക്കെട്ട്, താമരശ്ശേരിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കനത്ത മഴയെ തുടർന്ന് കുമളി ടൗണിൽ വെള്ളക്കെട്ടുണ്ടായി, കോഴിക്കോട് താമരശ്ശേരിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. വടക്കൻ കേരളത്തിൽ അടുത്തദിവസങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 10 ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെ ഒമ്പത് ജില്ലകളിലും മറ്റന്നാൾ 10 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ കോഴിക്കോട്ടെ മലയോര മേഖലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുറ്റ്യാടി, നാദാപുരം, താമരശ്ശേരി, മുക്കം മേഖലകളിലെല്ലാം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയാണ് ലഭിക്കുന്നത്.