DySP നിയമനത്തിലും ക്രമക്കേടെന്നു പരാതി; മുൻ എസ്.എഫ്.ഐ. നേതാവിന് വഴിയൊരുക്കിയെന്ന് ആക്ഷേപം, മുഖ്യമന്ത്രിക്ക് പരാതിനൽകി

#ന്യൂസ് ഡെസ്ക്
ഫോട്ടോ: ജി. ശിവപ്രസാദ്
ഫോട്ടോ: ജി. ശിവപ്രസാദ്

തിരുവനന്തപുരം: പി.എസ്.സി. നടത്തിയ ഡിവൈ.എസ്.പി. സ്പെഷ്യൽ റിക്രൂട്‌മെന്റിലും ക്രമക്കേടെന്നു പരാതി. പോലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽപ്പോലും വരാത്ത എറണാകുളം മഹാരാജാസ് കോളേജ് മുൻ എസ്.എഫ്.ഐ. നേതാവിന് വഴിവിട്ട് നിയമനശുപാർശ നൽകിയെന്നു കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.

ഗ്രേസ് മാർക്കിലാണ് ഇയാൾ ബി.കോം. പാസായതെന്നും ഉയർന്ന യോഗ്യതയുള്ളവരെ പിന്തള്ളിയാണ് റാങ്കിൽ മുന്നിലെത്തിയതെന്നും പരാതിക്കാർ പറയുന്നു. കോളേജ് പ്രിൻസിപ്പൽമാരെ കൈയേറ്റംചെയ്തതിനും മദ്യപിച്ചു വാഹനമോടിച്ചതിനുമൊക്കെ ഇയാളുടെ പേരിൽ കേസുകളുണ്ട്.

2025 സെപ്റ്റംബറിലാണ് ഡിവൈ.എസ്.പി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഡിസംബറിൽ എഴുത്തുപരീക്ഷ നടത്തി. 2026 മാർച്ച് 26-ന് കായികപരീക്ഷയും ഏപ്രിൽ 26-ന് അഭിമുഖവും പൂർത്തിയാക്കി. മേയ് ആറിന് അന്തിമറാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത ഇന്റർവ്യൂവിൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് ആക്ഷേപം. പരീക്ഷാവിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ആവശ്യപ്പെട്ടു.

Content Highlights: Allegations of malpractice in Kerala PSC DYSP special recruitment 2026., Save University Campaign Committee filed a complaint with the CM and Home Minister.