പി.എസ്.സി.: മൂല്യനിർണയം നടത്താത്ത ഉത്തരങ്ങളുടെ എണ്ണത്തിലും വ്യത്യാസം; ചെയർമാൻ ഏപക്ഷീയമായി ഇടപെട്ടെന്ന് സൂചന

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയ ഇടപെടലുകൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചന. സെക്രട്ടറി സാജു ജോർജിനെ ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

പല കാര്യങ്ങളിലും സെക്രട്ടറിയെ മറികടന്ന് ചെയർമാൻ തീരുമാനമെടുത്തതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ദൈനംദിന പ്രവർത്തനങ്ങളിലടക്കം ഇടപെടലുകളുണ്ടായി.

ചെയർമാനും സെക്രട്ടറിക്കും വ്യത്യസ്ത ചുമതലകളാണുള്ളത്. സെക്രട്ടറി അറിയാതെ പരീക്ഷകളുടെ തീയതി മാറ്റുന്നതടക്കം പല കാര്യങ്ങളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

ചെയർമാന്റെയും അംഗങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടേയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു സെക്രട്ടറിയെ ചോദ്യം ചെയ്തത്. പരീക്ഷാ കൺട്രോളർ ബിനി കെ. തോമസിനെയും 12 പി.എസ്.സി. അംഗങ്ങളെയും അടുത്ത ആഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്്.

മൂല്യനിർണയം നടത്താത്ത ഉത്തരങ്ങളുടെ എണ്ണത്തിലും വ്യത്യാസം

ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ മൂല്യനിർണയം നടത്താതെ വിട്ട ഉത്തരങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും ഇത് ആസൂത്രിതമാണെന്നും ക്രൈംബ്രാഞ്ച്. 288 ഉദ്യോഗാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ 51 പേരുടെ ഒമ്പത് ഉത്തരങ്ങൾക്കാണ് മാർക്കിടാത്തത്. 177 പേരുടെ എട്ട് ഉത്തരങ്ങൾക്ക് മാർക്കിട്ടില്ല. മൂല്യനിർണയം നടത്തിയ ഉത്തരങ്ങളുടെ എണ്ണത്തിൽവന്ന വ്യത്യാസം സാങ്കേതിക പിഴവല്ല, ആസൂത്രിതമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് പരിചയസമ്പന്നനായ ഓഫീസറാണ്. ഓൺ സ്‌ക്രീൻ മാർക്കിങ്ങിന്റെ സോഫ്റ്റ്‌വേർ ഉപയോഗിക്കുന്നതിലും പ്രാവീണ്യമുണ്ട്. എല്ലാ ഉത്തരങ്ങളുടെയും മർക്കിട്ടശേഷമേ മൂല്യനിർണയ ക്യാമ്പ് അവസാനിപ്പിക്കാൻ പാടുള്ളൂ. രണ്ടാംപ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരി ഇത് പരിഗണിക്കാതെ ക്യാമ്പ് അവസാനിപ്പിക്കുകയായിരുന്നു. അനർഹനായ ആൾക്ക് നിയമനം നൽകാണ് ഇത് ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ ആർ. ഹരിയെ വിജിലൻസ് കോടതി 13 വരെ റിമാൻഡ് ചെയ്തു.

Content Highlights: Special Investigation Team interrogated PSC Secretary Saju George for four hours., Allegations of unilateral decision-making and bypassing the secretary by PSC Chairman M.R. Baiju., Crime Branch finds deliberate manipulation in unvalued answer sheets for the Planning Board exam., Exam Controller and 12 PSC members summoned for questioning next week., Additional Secretary R. Hari remanded by Vigilance Court over appointment irregularities.